കമ്പംമെട്ട്: മാനവസേവ- മാധവസേവയെന്ന മഹദ് വചനം അന്വർത്ഥമാക്കി എസ്.എൻ.ഡി.പി യോഗം കമ്പംമെട്ട് ശാഖ നടപ്പിലാക്കുന്ന ഭവനനിർമ്മാണ പദ്ധതിയുടെ രണ്ടാംഘട്ടത്തിന് തുടക്കമായി. ശാഖയിലെ അംഗങ്ങളിൽ ഏറ്റവും നിർദ്ദനരായ മൂന്ന് കുടുംബങ്ങൾക്കാണ് ഇത്തവണ സൗജന്യമായി വീട് നിർമ്മിച്ചുനൽകുന്നത്. കഴിഞ്ഞവർഷം ശാഖ കനകജൂബിലി ആഘോഷത്തോടനുബന്ധിച്ച് പാവപ്പെട്ട എട്ട് കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചുനൽകിയിരുന്നു. ഇതിന്റെ താക്കോൽദാനം നിർവഹിക്കാൻ എത്തിയ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ശാഖ ഭരണസമിതിയുടെ പ്രവർത്തനത്തെ പ്രശംസിക്കുകയും 3.75 ലക്ഷം രൂപ സ്വന്തംനിലയിൽ സംഭാവന വാഗ്ദാനം നൽകുകയും ചെയ്തിരുന്നു. ഈ തുകയും ശാഖ അംഗങ്ങളിൽ നിന്ന് സമാഹരിക്കുന്ന പണവും മലനാട് യൂണിയനിൽ നിന്നുള്ള സഹായവും ചേർത്താണ് മൂന്ന് കുടുംബങ്ങളെ കൂടി സഹായിക്കാൻ തീരുമാനിച്ചത്. മേട്ടിൽ ശശി, പെരിഞ്ചേരിൽ സരസമ്മ, രവീന്ദ്രൻ എന്നിവർക്കാണ് ഇത്തവണ വീട് നിർമ്മിക്കുന്നത്.
ശാഖയിലെ അംഗങ്ങളിൽ ഭൂരിപക്ഷവും സാധാരണക്കാരും കൂലിപ്പണിക്കാരുമാണ്. കൈ അയച്ച് സഹായിക്കാൻ ശേഷിയില്ലെങ്കിലും സുരക്ഷിതമായി അന്തിയുറങ്ങാൻ ഇടമില്ലാത്ത പാവപ്പെട്ടവർക്കുവേണ്ടി തങ്ങളാലാകുന്നത് സംഭാവന ചെയ്യാനുള്ള വലിയ മനസുള്ളവരാണ് എല്ലാവരും. മലനാട് യൂണിയൻ നടപ്പിലാക്കിയ ഗുരുശ്രീ പദ്ധതിക്കൊപ്പം ശാഖയിലെ അംഗങ്ങളുടെ കൂടി പങ്കാളിത്തമുണ്ടായതുകൊണ്ടാണ് കഴിഞ്ഞവർഷം എട്ട് വീടുകൾ പൂർത്തിയാക്കാനായത്. ഇത്തവണ നിർമ്മിക്കുന്ന മൂന്ന് വീടുകൾക്കുമായി പത്തുലക്ഷത്തിലേറെ ചെലവുവരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. പുറത്ത് നിന്നുള്ള സുമനസുകളുടെ കൂടി മനസുവച്ചാൽ കൂടുതൽ ആളുകളെ സഹായിക്കാനാകുമെന്നും ശാഖാ ഭാരവാഹികൾ പ്രത്യാശ പ്രകടിപ്പിച്ചു. ഒരു കിടപ്പുമുറിയും ഹാളും അടുക്കളയുമുള്ള വീടുകളാണ് നിർമ്മിച്ചു നൽകുന്നത്. ഇതിന്റെ ശിലാസ്ഥാപനം ഇന്നലെ നടന്നു. ശാഖാ മാനേജിംഗ് കമ്മിറ്റി, വനിതാസംഘം, യൂത്ത് മൂവ്‌മെന്റ്, കുടുംബയോഗം ഭാരവാഹികളുടെ സാന്നിദ്ധ്യത്തിൽ ശാഖാ പ്രസിഡന്റ് സി.ആർ. സാബു, സെക്രട്ടറി പി.എം. റെജി എന്നിവർ ചേർന്ന് ശിലാസ്ഥാപനം നിർവഹിച്ചു. അടുത്ത മഴക്കാലത്തിന് മുമ്പ് പണി പൂർത്തിയാക്കി താക്കോൽ കൈമാറുമെന്ന് പ്രസിഡന്റ് പറഞ്ഞു. പണമായുള്ള സംഭാവനയ്ക്ക് പുറമെ വാഹനസൗകര്യമില്ലാത്ത സ്ഥലത്ത് നിർമ്മാണ സാമഗ്രികൾ തലച്ചുമടായി എത്തിക്കുന്നത് ഉൾപ്പെടെയുള്ള ജോലികൾ ശാഖാംഗങ്ങളാണ് ചെയ്യുന്നത്.