ഇടുക്കി: ജില്ലയിൽ എട്ട് മുതൽ 12 വരെയുള്ല 1574 ക്ലാസ് മുറികൾ ഹൈടെക് ആയി. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റ്) നേൃത്വത്തിലാണ് പ്രവർത്തനം നടക്കുന്നത്. 98 ക്ലാസ് മുറികൾ മൊബൈൽ രൂപത്തിലാണ് സംവിധാനമൊരുക്കിയത്. 133 സർക്കാർ സ്‌കൂളും 107 എയ്ഡഡ് സ്‌കൂളും ഉൾപ്പെടെ 240 സ്‌കൂളുകളിലാണ് സംവിധാനമൊരുക്കിയിട്ടുള്ളത്. ഇതിനായി കിഫ്ബി സഹായത്തോടെ 13.63 കോടി രൂപചെലവഴിച്ചു. എല്ലാ ഐ.ടി ഉപകരണങ്ങൾക്കും അഞ്ച് വർഷത്തെ വാറണ്ടി കൈറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്. ഹാർഡ്‌വെയർ പരാതികൾ റിപ്പോർട്ട് ചെയ്യാനും പരിഹരിക്കാനുമായി വെബ് പോർട്ടൽ, കോൾ സെന്റർ സംവിധാനം എന്നിവ നിലവിൽ വന്നു. ഇൻഷുറൻസ് പരിരക്ഷ മുഴുവൻ ഉപകരണങ്ങൾക്കും നൽകി.
ജില്ലയിൽ മുമ്പൻ
ഗവ. എച്ച്.എസ്.എസ് കല്ലാർ (27), എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന (21), എസ്.എൻ.വി.എച്ച്.എസ്.എസ്. എൻ.ആർ. സിറ്റി രാജാക്കാട് (22) എന്നീ സ്‌കൂളുകളിലാണ് ജില്ലയിൽ ഏറ്റവും കൂടുതൽ ക്ലാസ് മുറികൾ ഹൈടെക്കായത്.
ഹൈടാക്കാക്കാൻ
2119 ലാപ്‌ടോപ്പുകൾ, 1562 പ്രോജക്ടറുകൾ, 1519 സ്പീക്കറുകൾ, 1498 മൗണ്ടിംഗ് കിറ്റുകൾ എന്നിവ ഹൈടെക് ക്ലാസ് മുറികൾക്കായി ലഭ്യമാക്കി. ഇതിനു പുറമെ 42 ഇഞ്ചുള്ള 179 എൽ.ഇ.ഡി ടെലിവിഷനുകൾ, 227 ഡി.എസ്.എൽ.ആർ കാമറകൾ, 178 ഫുൾ എച്ച്.ഡി. വെബ് ക്യാമുകൾ എന്നീ ഉപകരണങ്ങളും പദ്ധതിയുടെ ഭാഗമായി നൽകി.
ഇപ്പോൾ 'കൂൾ"
Kool (KITE's Open Online Course) എന്ന പേരിൽ ഓൺലൈൻ പഠന സംവിധാനം ഏർപ്പെടുത്തി. 504 സ്‌കൂളുകളിൽ അതിവേഗ ബ്രോഡ്ബാൻഡ് ലഭ്യമാക്കി. ജില്ലയിൽ 92 സ്‌കൂളുകളിൽ രൂപീകരിച്ച 'ലിറ്റിൽ കൈറ്റ്‌സ്' ഐ.ടി. ക്ലബ്ബുകളിൽ നിലവിൽ 2766 കുട്ടികൾ അംഗങ്ങളാണ്.
'ഹൈടെക് സ്‌കൂൾ പദ്ധതിയുടെ തുടർച്ചയായി ഒന്നു മുതൽ ഏഴു വരെ ക്ലാസുകളുള്ള ജില്ലയിലെ 423 സ്‌കൂളുകളിൽ ജൂൺ മാസത്തോടെ ഹൈടെക് ലാബുകൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനവും ആരംഭിച്ചു."
-കെ. അൻവർ സാദത്ത്
(കൈറ്റ് വൈസ്‌ചെയർമാൻ & എക്‌സിക്യൂട്ടീവ് ഡയറക്ടർ)