തൊടുപുഴ: ബി.ജെ.പി സംഘടിപ്പിക്കുന്ന പരിവർത്തന ജാഥ എട്ടിന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തുമെന്ന് പാർട്ടി ജില്ലാ പ്രസിഡന്റ് ബിനു ജെ. കൈമൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 'കേരളവും മോദിയോടൊപ്പം,​ വീണ്ടും വേണം മോദി ഭരണം" എന്ന മുദ്രാവാക്യം ഉയർത്തി ബി.ജെ.പി സംസ്ഥാന വ്യാപകമായി നടത്തുന്ന ജാഥയുടെ ഭാഗമായി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ നയിക്കുന്ന എറണാകുളം മേഖലാ ജാഥയാണ് ജില്ലയിൽ എത്തിച്ചേരുന്നത്. കേരളത്തിലെ ഇടതുപക്ഷ സടക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ പൊതുജന സമക്ഷം വെളിപ്പെടുത്തുകയും നരേന്ദ്ര മോദി സർക്കാരിന്റെ ജനക്ഷേമകരമായ പദ്ധതികൾ വിശദീകരിച്ച് കൊണ്ടുമാണ് ജാഥ ജില്ലയിൽ പര്യടനം നടത്തുന്നത്. എട്ടിന് രാവിലെ ഒമ്പതിന് അടിമാലിയിൽ നിന്ന് ആരംഭിക്കുന്ന ജാഥയ്ക്ക് 11ന് തൂക്കുപാലം,​ ഒന്നിന് കട്ടപ്പന,​ മൂന്നിന് ഏലപ്പാറ,​ ആറിന് തൊടുപുഴ എന്നിവിടങ്ങളിൽ ഗംഭീര സ്വീകരണം നൽകുമെന്ന് ജില്ലാ പ്രസിഡന്റ് പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ജില്ലാ ജനറൽ സെക്രട്ടറി കെ.എസ്. അജി, മീഡിയാ കണവീനർ കെ.ആർ. സുനിൽ എന്നിവർ പങ്കെടുത്തു.