തൊടുപുഴ: ജോയ്‌സ് ജോർജ് എം.പി മണ്ഡലത്തിലാകെ സ്ഥാപിച്ചിരിക്കുന്ന വലിയ പരസ്യബോർഡുകൾ വരാൻപോകുന്ന തിരഞ്ഞെടുപ്പിൽ എൻ.ഡി.എയ്ക്ക് ഗുണമാകുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബിനു ജെ. കൈമൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇടുക്കിയിൽ 4500 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടന്നുവെന്നാണ് എം.പി പറഞ്ഞിരിക്കുന്നത്. ഒരു പാർലമെന്റ് അംഗത്തിന് അഞ്ച് കോടിരൂപ മാത്രമാണ് ഒരു വർഷം മണ്ഡലത്തിൽ ചെലവഴിക്കാനാകുക. അങ്ങനെ അഞ്ചുവർഷം കൊണ്ട് 25 കോടി രൂപ ലഭിക്കും. അതിനുപരിയായി ചെലവഴിച്ചതെല്ലാം മോദി സർക്കാർ ഇടുക്കിയ്ക്കുവേണ്ടി അനുവദിച്ച തുകയാണ്. വിവിധ മന്ത്രാലയങ്ങൾ മുഖാന്തിരമാണ് സർക്കാർ ഫണ്ട് ലഭിച്ചത്. അതുകൊണ്ട് എം.പിയുടെ അവകാശവാദത്തിൽ മുഴച്ചുനിൽക്കുന്നത് എൻ.ഡി.എയുടെ വികസന നേട്ടമാണ്. അല്ലാതെ ഇതൊന്നും എം.പിയുടെ സ്വന്തം നേട്ടമല്ല. ഇടുക്കിയിലെ ജനങ്ങൾക്ക് ആവശ്യമായ ഓരോ സ്വപ്ന പദ്ധതികൾക്കും മോദി സർക്കാർ പണം അനുവദിക്കുകയും അതിൽ 90 ശതമാനവും നിർമ്മാണം പൂർത്തിയാവുകയും ചെയ്തു. ഈ സർക്കാർ 55 മാസം മാത്രമാണ് പ്രവർത്തിച്ചത്. അതേസമയം 55 വർഷം രാജ്യം ഭരിച്ചപ്പോൾ ഇടുക്കിക്ക് വേണ്ടി ചെയ്തതെന്താണെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കണം. ഇടുക്കി മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥിയുടെ വിജയത്തിനായി ബി.ജെ.പി പ്രവർത്തകർ അക്ഷീണം പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.