പീരുമേട്: സ്വകാര്യ തേയില തോട്ടത്തിലെ ഭക്ഷണശാലയിലുണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം. അപകട സമയം ആളില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. കരടിക്കുഴിയിൽ പ്രവർത്തിക്കുന്ന എ.വി.ടി എസ്റ്റേറ്റിന്റെ കാന്റീനിലാണ് തിങ്കളാഴ്ച രാത്രി 10.30ന് തീപിടിച്ചത്. കരടിക്കുഴി സ്വദേശിയായ വിൻസന്റാണ് ഭക്ഷണശാല നടത്തുന്നത്. തിങ്കളാഴ്ച വൈകിട്ട് ആറിന് വിൻസന്റും ഭാര്യയും കുട്ടിക്കാനം പള്ളിക്കുന്നിലെ മകളുടെ വീട്ടിലേക്ക് പോയിരുന്നു. രാത്രിയോടെ ഉഗ്രസ്‌ഫോടനത്തോടെയുള്ള ശബ്ദം കേട്ട തോട്ടത്തിലെ ലയങ്ങളിൽ താമസിക്കുന്ന തൊഴിലാളികളാണ് തീപിടിത്തം ആദ്യം കണ്ടത്. തീ അണയ്ക്കാൻ തൊഴിലാളികൾ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പീരുമേട്ടിൽ നിന്ന് അഗ്‌നിശമന സേനയുടെ ഒരു യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും ഇതിനിടയിൽ കെട്ടിടം പൂർണമായും കത്തിനശിച്ചിരുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമായതെന്നാണ് അഗ്‌നിശമന സേനയുടെ പ്രാഥമിക നിഗമനം. തീപിടുത്തത്തിൽ കാന്റിനിലെ മുഴുവൻ ഉപകരണങ്ങളും ടി.വി ഫൈബർ കേബിളുകളും പൂർണമായും കത്തിനശിച്ചു. മൂന്നു ഗ്യാസ് സിലിണ്ടറുകൾ കെട്ടിടത്തിൽ ഉണ്ടായിരുന്നു. ഇതിൽ രണ്ട് ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് കെട്ടിടത്തിന്റെ പുറത്തേക്ക് വീണു. ഓടിട്ട കെട്ടിടം പൂർണമായും കത്തി നശിച്ചു. 200 മീറ്റർ ദൂരം മാറി തേയില ഫാക്ടറി പ്രവർത്തിക്കുന്നുണ്ടായിരുന്നെങ്കിലും തീ പടരാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. പീരുമേട് അഗ്‌നിശമന സേനാ സ്റ്റേഷൻ ഓഫീസർ കെ.എം. ജോണച്ചൻ, വി.എസ്. അനിൽകുമാർ, പ്രദോശ് ചന്ദ്രൻ, സനോജ്, പ്രജിൻ, വിനീത്, ഹരിദാസ് എന്നിവരടങ്ങിയ സംഘമാണ് തീയണച്ചത്. രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ.