തൊടുപുഴ: കർഷക ആത്മഹത്യകൾ തടയുന്നതിൽ സംസ്ഥാന സർക്കാർ പുലർത്തുന്ന നിസംഗതയ്ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ കട്ടപ്പന ഗാന്ധി സ്വകയറിൽ ഉപവസിക്കും. യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം കേരളാ കോൺഗ്രസ് (എം) വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. യു.ഡി.എഫിന്റെ പ്രമുഖനേതാക്കൾ ഉപവാസത്തിൽ പങ്കെടുക്കും. സംസ്ഥാന കേന്ദ്ര സർക്കാരുകൾക്കെതിരെ പ്രതിക്ഷേധത്തിന്റെ സ്വരമുയർത്തികൊണ്ടാണ് ഉപവാസം ആരംഭിക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ ഉപവാസ സമരം പ്രഖ്യാപിച്ച ശേഷമാണ് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി (എസ്.എൽ.ബി.സി) യോഗം സർക്കാർ വിളിച്ചതെന്ന് ഡി.സി.സി. പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ ആരോപിച്ചു. അഞ്ച് പേർ ആത്മഹത്യ ചെയ്ത ശേഷമാണ് ജില്ലാ തല ബാങ്കേഴ്‌സ് സമിതി (ഡി.എൽ.ബി.സി) ചേർന്നത്. ഇതിനകം തന്നെ 25,​000 ജപ്തി നോട്ടീസുകൾ ബാങ്കുകൾ അയച്ചതായും ഡി.സി.സി പ്രസിഡന്റ് അറിയിച്ചു.