ചെറുതോണി: എം.എൽ.എയുടെ നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപ ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്യുന്ന കൈതപ്പാറ- മണിയാറൻകുടി റോഡിന്റെ നിർമ്മാണോദ്ഘാടനം മണിയാറൻകുടിയിൽ ഇന്ന് വൈകിട്ട് 5.30 ന് റോഷി അഗസ്റ്റിൻ എം.എൽ.എ നിർവഹിക്കും. വനമേഖലയിൽ കൂടിയുള്ള നിർമ്മാണത്തിന് ഒട്ടേറെ തടസങ്ങളാണ് നേരിട്ടിരുന്നത്. മൂന്ന് വർഷം മുമ്പ് തുക അനുവദിച്ചിരുന്നെങ്കിലും സാങ്കേതിക തടസങ്ങൾ മൂലം നിർമ്മാണം വൈകുകയായിരുന്നു. മണിയാറൻകുടി മുതൽ കൈതപ്പാറ വരെയുള്ള 8.5 കിലോമീറ്റർ ദൂരം ഇടുക്കി നിയോജക മണ്ഡലത്തിലും കൈതപ്പാറയിൽ നിന്നും ഉടുമ്പന്നൂർ വരെയുള്ള ഒമ്പത് കിലോമീറ്റർ ദൂരം തൊടുപുഴ നിയോജക മണ്ഡലത്തിലുമാണ് ഉൾപ്പെടുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് മുഖ്യപ്രഭാഷണം നടത്തും.