ഇടുക്കി: പ്രളയക്കെടുതികളുടെയും കർഷക ആത്മഹത്യകളുടെയും പശ്ചാത്തലത്തിൽ ജില്ലയിലെ കർഷകർ എടുത്തിട്ടുള്ള എല്ലാത്തരം ബാങ്ക് വായ്പകൾക്കുമുള്ള മോറട്ടോറിയം സംസ്ഥാന സർക്കാർ ഡിസംബർ 31വരെ നീട്ടിയത് കർഷകർക്ക് ആശ്വാസമാകുമെന്ന് എൽ.ഡി.എഫ് നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രളയക്കെടുതികൾ മൂലമുള്ള പ്രതിസന്ധിക്ക് പിന്നാലെ തുടർച്ചയായ കർഷക ആത്മഹത്യകളും പരിഗണിച്ച് ഇന്നലെ ചേർന്ന അടിയന്തര മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. 2018 ആഗസ്റ്റ് 31 വരെ കർഷകർ എടുത്തിട്ടുള്ള വിദ്യാഭ്യാസ വായ്പകൾ ഉൾപ്പെടെയുള്ളതിന് ഈ ആനുകൂല്യം ലഭിക്കും. ഇതിനുപുറമെ കൃഷി നാശത്തിനുള്ള നഷ്ടപരിഹാരത്തുകയും കാർഷിക കടാശ്വാസ കമ്മീഷൻ നൽകുന്ന ആനുകൂല്യവും ഇരട്ടിയായി വർദ്ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. അമ്പതിനായിരം രൂപയ്ക്ക് മുകളിലുള്ള കുടിശികയ്ക്ക് കാർഷിക കടാശ്വാസ കമ്മീഷൻ നൽകുന്ന ആനുകൂല്യം ഒരുലക്ഷം രൂപയിൽ നിന്ന് രണ്ട് ലക്ഷമാക്കി ഉയർത്തും. ദീർഘകാല വായ്പകളുടെ പലിശയിൽ ഒമ്പത് ശതമാനം വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നൽകും. പ്രകൃതിക്ഷോഭം മൂലമുള്ള വിളനാശത്തിനുള്ള നഷ്ടപരിഹാരം അടിയന്തരമായി വിതരണം ചെയ്യും. ഇതിന് 85 കോടിരൂപ മന്ത്രിസഭായോഗം അനുവദിച്ചു. ഇതിൽ 54കോടിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ്. കുരുമുളക്, കമുക്, ഏലം, കാപ്പി, കൊക്കോ, ജാതി, ഗ്രാമ്പു തുടങ്ങിയ വിളകൾക്ക് 2015ലെ സർക്കാർ ഉത്തരവ് പ്രകാരം നിലവിലുള്ള തുക 100 ശതമാനം വർദ്ധിപ്പിച്ച് നൽകും. ഒരാഴ്ചയ്ക്കുള്ളിൽ അർഹരായ കർഷകർക്ക് ആനുകൂല്യം ലഭിക്കും. ഇതിന്റെ ഉദ്ഘാടനം നാളെ ജില്ലയിലെത്തുന്ന മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിക്കും. ഇപ്പോൾ നൽകുന്ന അടിയന്തര സഹായത്തിന് പുറമേ സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള 5000 കോടിയുടെ ഇടുക്കി പാക്കേജിൽ കാർഷികമേഖലയുടെ സമഗ്രവികസനത്തിനും കാർഷിവിളകളുടെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിച്ച് കർഷകർക്ക് അധികവരുമാനം ലഭ്യമാക്കുന്നതിനും പദ്ധതികളുണ്ടാകും. പാക്കേജ് നടപ്പിലാക്കാൻ സ്പെഷ്യൽ ഓഫീസറെ നിയമിക്കണമെന്ന് സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുള്ളതായും നേതാക്കൾ പറഞ്ഞു. ജോയ്സ് ജോർജ് എം.പി, സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ, സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. ശിവരാമൻ, ജനാധിപത്യ കേരളകോൺഗ്രസ് ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

നഷ്ടപരിഹാരം പുതുക്കിയ നിരക്ക്, ബ്രാക്കറ്റിൽ പഴയ നിരക്ക്

കമുക് (കായ് ഫലമുള്ളത്) ഒന്നിന്: 300 (150) രൂപ

കമുക് (കായ് ഫലമില്ലാത്തത്): 200 (100)

കൊക്കോ (കായ് ഫലമുള്ളത്): 200 (100)

കാപ്പി ചെടി ഒന്നിന് : 200 (100)

കുരുമുളക് (കായ് ഫലമുള്ളത്): 150 (75)

ജാതി (കായ്ഫലമുള്ളത): 800 (400)

ജാതി (കായ് ഫലമില്ലാത്തത്): 300 (150)

ഗ്രാമ്പു (കായ് ഫലമുള്ളത്): 400 (200)

ഗ്രാമ്പു (കായ് ഫലമില്ലാത്തത്): 200 (100)

ഏലം ഹെക്ടറിന്: 25,000 (18,000)