തൊടുപുഴ: കാഡ്സ് വിത്തുബാങ്കിന്റെ വിപുലീകരിച്ച കേന്ദ്രം ഇന്ന് വൈകിട്ട് 4ന് നഗരസഭ അദ്ധ്യക്ഷ പ്രൊഫ. ജസി ആന്റണി ഉദ്ഘാടനം ചെയ്യും. ഉയർന്ന ഗുണനിലവാരവും പ്രത്യുൽപ്പാദനശേഷിയുമുള്ള നാടൻ, സങ്കരയിനം വിത്തുകളും തൈകളും അനുബന്ധ ഉൽപ്പന്നങ്ങളുമാണ് ഇവിടെ നിന്ന് വിതരണം ചെയ്യുന്നത്. നിലവിലുള്ള വിത്തുബാങ്കിന് സമീപമുള്ള പഴയ പ്രസിഡൻസി കോളേജ് വളപ്പിലാണ് പുതിയ കേന്ദ്രം ആരംഭിക്കുന്നത്. ഫലവൃക്ഷത്തൈകൾ, ഔഷധ സസ്യങ്ങൾ, ജൈവവളം, കീടനാശിനി, കാർഷികോൽപ്പന്നങ്ങൾ എന്നിവയുടെ വിപുലമായ ശേഖരം വിത്ത് ബാങ്ക് ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ടെന്ന് കാഡ്സ് സെക്രട്ടറി കെ.വി. ജോസ് അറിയിച്ചു. വൈകിട്ട് സെന്ററിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ കാഡ്സ് പ്രസിഡന്റ് ആന്റണി കണ്ടിരിക്കൽ അദ്ധ്യക്ഷത വഹിക്കും. വാർഡ് കൗൺസിലർ രേണുക രാധാകൃഷ്ണൻ ആദ്യവിൽപ്പന നിർവഹിക്കും.