വണ്ടിപ്പെരിയാർ: യൂത്ത് കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താലിനിടെയുണ്ടായ സംഘർഷത്തിൽ ഒളിവിലായിരുന്ന 17 കോൺഗ്രസ് പ്രവർത്തകർ കീഴടങ്ങി. നേരത്തെ ഒരു കോൺഗ്രസ് പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ സംഭവത്തിൽ പ്രതിചേർക്കപ്പെട്ട മുഴുവൻ പേരും റിമാൻഡിലായി. കേസിലെ ഒന്നാം പ്രതി ഡി.സി.സി ജനറൽ സെക്രട്ടറി ഷാജി പൈനാടത്ത്, ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി ഷാജി കുരിശുംമൂട്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ. ഗണേശൻ, ദളിത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മാരിയപ്പൻ, വണ്ടിപ്പെരിയാർ മണ്ഡലം പ്രസിഡന്റ് കെ. ഉദയകുമാർ, ഡി.സി.സി സെക്രട്ടറി അബ്ദുൽ റഷീദ്, കോൺഗ്രസ് പ്രവർത്തകരായ അയ്യപ്പൻ, എൻ. ഷാൻ, വിജയരാജ്, സുരേഷ് തങ്കമല, ശരൺ മുനിയാണ്ടി, രാജു അറുപത്തിരണ്ടാംമൈൽ, പ്രേംകുമാർ, കെ.എം. കനി, ഷാൻ, പ്രകാശ് വള്ളക്കടവ്, ഗണേശൻ എന്നിവരാണ് ചൊവ്വാഴ്ച രാവിലെ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരായത്. കറുപ്പുപാലം സ്വദേശി ശെൽവകുമാറിനെ നേരത്തെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ 18ന് ഹർത്താൽ ദിവസം വണ്ടിപ്പെരിയാർ ടൗണിൽ കോൺഗ്രസ് പ്രവർത്തകർ കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞിരുന്നു. വാഹനങ്ങൾ തടയരുതെന്ന പൊലീസ് നിർദ്ദേശം അവഗണിച്ചതോടെ ചെറിയ തോതിൽ ഉന്തും തള്ളും ഉണ്ടായി. പൊലീസിന്റെ ഔദ്യോഗിക കൃത്യ നിർവ്വഹണം തടസപ്പെടുത്തിയതിനും പൊലീസിനെ ആക്രമിച്ചതിനുമാണ് കേസ്. സംഘർഷത്തിലും പൊലീസ് ലാത്തി ചാർജിലും ഒരു എ.എസ്.ഐയ്ക്കും വനിതാ സിവിൽ ഓഫീസർക്കും ഏഴ് കോൺഗ്രസ് പ്രവർത്തകർക്കും പരിക്കേറ്റിരുന്നു. ഡി.സി.സി.ജനറൽ സെക്രട്ടറി ഷാജി പൈനാടത്ത്, ഷാജി കുരിശുമൂട്, ആർ.ഗണേശൻ എന്നിവർ ലാത്തി ചാർജിൽ പരിക്കേറ്റ് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ജമാൽ, സി.പി.ഒ ശ്രുതി സുകുമാരൻ എന്നിവർക്ക് കോൺഗ്രസ് ആക്രമണത്തിൽ പരിക്കേറ്റു. സി.സി.ടി.വി ദൃശ്യങ്ങളും മൊബൈലിൽ പകർത്തിയ വീഡിയോകളും പരിശോധിച്ച് പൊലീസ് പ്രതികളെ സ്ഥിരീകരിച്ചെങ്കിലും ഇവർ തമിഴ്‌നാട്ടിലേക്ക് കടന്നിരുന്നു. ഇതിനിടയിൽ മുൻകൂർ ജാമ്യത്തിനായി കോൺഗ്രസ് നേതൃത്വം ശ്രമം നടത്തിയിരുന്നു. ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിക്കില്ലെന്ന നിയമോപദേശം ലഭിച്ചതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥനു മുന്നിലെത്തി കീഴടങ്ങിയത്. പ്രതികളെ പീരുമേട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.