രാജാക്കാട്: ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കള്ളിമാലി വ്യൂ പോയിന്റിന് സമീപത്ത് അനുമതിയില്ലാതെ നടത്തിവന്ന നിർമ്മാണത്തിന് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകി. കുന്നിൻ മുകളിൽ അപകടസാദ്ധ്യത കൂടുംവിധം മണ്ണെടുക്കുന്നതായി അധികൃതർക്ക് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് വില്ലേജ് അധികൃതർ നടത്തിയ അന്വേഷണത്തിൽ നിർമ്മാണം അനധികൃതമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. റോഡിൽ നിന്ന് യന്ത്രം ഉപയോഗിച്ച് റോഡ് നിർമ്മിച്ച് മണ്ണെടുത്തു നിരത്തിയാണ് നിർമ്മാണം നടത്തിക്കൊണ്ടിരുന്നത്. പ്രളയ കാലത്ത് നിരവധി ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ മലനിരയിൽ ഇത്തരത്തിലുള്ള നിർമ്മാണം നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത് വരികയായിരുന്നു. അധികൃതർ നടത്തിയ പരിശോധനയിൽ നിലവിൽ നിർമ്മാണം നടത്തിയിരിക്കുന്ന കുറച്ച് ഭാഗം പട്ടയമില്ലാത്ത ഭൂമിയിലാണെന്നും നിർമ്മാണ പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത്, വില്ലേജ്, ജിയോളജിക്കൽ വിഭാഗം എന്നിവടങ്ങളിൽ നിന്ന് അനുമതി വാങ്ങിയിട്ടില്ലെന്നും കണ്ടെത്തി. ജെ.സി.ബി ഉപയോഗിച്ച് മണ്ണ് തള്ളിയിരിക്കുന്നത് പൊന്മുടി ജലാശയത്തിന്റെ ഒരു വശത്തെ മലയുടെ ചരിവിലേയ്ക്കാണ്. പാറകെട്ട് നിറഞ്ഞ ഈ സ്ഥലം റവന്യൂ പുറമ്പോക്കാണോയെന്ന് പരിശോധിക്കുമെന്നും വില്ലേജ് അധികൃതർ പറഞ്ഞു. രണ്ട് പേരുടെ ഉടമസ്ഥതയിലാണ് നിർമ്മാണം നടക്കുന്ന വസ്തു. ഇതിൽ പത്തേമുക്കാൽ സെന്റിന് മാത്രമാണ് പട്ടയമുള്ളത്. എന്നാൽ 25 സെന്റിലധികം സ്ഥലത്തെ മണ്ണെടുത്താണ് പണികൾ നടത്തുന്നത്.