ചെറുതോണി: ഇടുക്കി മെഡിക്കൽ കോളേജിന്റെ പിതൃത്വം ഏറ്റെടുക്കാൻ ഉദ്ദേശിച്ച് എൽ.ഡി.എഫ് നേതാക്കൾ നടത്തുന്ന പ്രചരണം വസ്തുതകൾ മറച്ചുവെച്ചുള്ള മേനി നടിക്കലാണെന്ന് യു.ഡി.എഫ് നേതാക്കൾ പറഞ്ഞു. റോഷി അഗസ്റ്റിൻ എം.എൽ.എയുടെ പരിശ്രമഫലമായി 2011 ൽ ഉമ്മൻചാണ്ടി സർക്കാരിൽ ധനകാര്യ മന്ത്രിയായിരുന്ന കെ.എം. മാണിയാണ് സംസ്ഥാന ബജറ്റിൽ മെഡിക്കൽ കോളേജ് പ്രഖ്യാപിച്ചത്. 2013 മെയ് 24 ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയാണ് ശിലാ സ്ഥാപനം നടത്തിയത്. കഴിഞ്ഞ രണ്ടു വർഷം ലഭ്യമാകേണ്ടിയിരുന്ന സേവനം ലഭിക്കാത്തത് ആരോഗ്യവകുപ്പിന്റെ വീഴ്ചയാണ്. യു.ഡി.എഫ് ഗവൺമെന്റ് ഏതാനും തകര കെട്ടിടങ്ങൾ മാത്രമാണ് മെഡിക്കൽ കോളേജിനായി നിർമ്മിച്ചതെന്ന പ്രചരണം തരംതാഴ്ന്ന പ്രവർത്തി മാത്രമാണെന്നും നേതാക്കൾ പറഞ്ഞു. ചെറുതോണിയിൽ ചേർന്ന യു.ഡി.എഫ് നേതൃയോഗത്തിൽ യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ ജോണി കുളംപള്ളി, കൺവീനർ ഷാജി കാഞ്ഞമല, നേതാക്കളായ എ.പി. ഉസ്മാൻ, എ.ഒ. അഗസ്റ്റിൻ രാജു തോമസ്, എം.ഡി. അർജുനൻ, എൻ പുരുഷോത്തമൻ, ജോസ് ഊരക്കാട്ടിൽ, എം.കെ. നവാസ്, ജോസ് കുഴികണ്ടം, ഷിജോ തടത്തിൽ, കെ എൻ മുരളി, പി.ഡി ജോസഫ്, റോയി കൊച്ചുപുര, സന്തോഷ് കുറിച്ചിയിൽ, ജേക്കബ് പിണക്കാട്ട്, ടോമി കൊച്ചുകുടിയിൽ എന്നിവർ പ്രസംഗിച്ചു.