പീരുമേട്: പാതയോരത്തെ ഫ്ളക്‌സ് ബോർഡുകൾ നീക്കം ചെയ്യണമെന്ന കോടതി ഉത്തരവ് നിലനിൽക്കെ യഥേഷ്ടം ഫ്ളക്‌സ് ബോർഡുകൾ സ്ഥാപിച്ചിട്ടും നടപടിയെടുക്കാതെ പെരുവന്താനം പഞ്ചായത്ത്. പെരുവന്താനം ജംഗ്ഷനിൽ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് ചുറ്റും യാത്രക്കാർക്ക് കാഴ്ച മറയ്ക്കുന്ന രീതിയിൽ ഫ്ളക്‌സ് ബോർഡുകൾ കൊണ്ട് നിറഞ്ഞിട്ടും നീക്കം ചെയ്യാൻ നാളിതുവരെയായിട്ടും അധികൃതർ നടപടിയെടുത്തിട്ടില്ല. കഴിഞ്ഞ ഒക്ടോബർ 30നകം പാതയോരങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന മുഴുവൻ അനധികൃത ഫ്ളക്‌സുകളും നീക്കണമെന്നും ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ നഷ്ടം ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കണമെന്നുമാണ് കോടതി നിർദേശം നൽകിയിരുന്നത്. ബോർഡുകൾ നീക്കിയെന്ന് ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും ഉറപ്പാക്കണമെന്നും കോടതി നിർദേശം നൽകിയിരുന്നു. ഇവയെല്ലാം ലംഘിച്ചു കൊണ്ടാണ് പാതയോരത്ത് വിവിധ രാഷ്ട്രീയ പാർട്ടികളുടെ പേരിലുള്ള ഫ്ളക്‌സ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ നേരത്തെ സ്ഥാപിച്ചിരുന്ന മുഴുവൻ ബോർഡുകളും പഞ്ചായത്ത് നീക്കം ചെയ്തിരുന്നതായും സമീപ കാലത്താണ് ഇപ്പോൾ ഫ്ളക്‌സ് സ്ഥാപിച്ചതെന്നും മാറ്റി സ്ഥാപിച്ചവർ തന്നെ ഇവ എടുത്തുമാറ്റാൻ നിർദേശം നൽകിയതായാണ് പഞ്ചായത്ത് നൽകുന്ന വിശദീകരണം.

ഫ്ളക്‌സ് ബോർഡുകൾ അപകടകാരി
പരസ്യപ്രചാരണങ്ങൾക്കായി ഉപയോഗിക്കുന്ന ഫ്ളക്‌സ് പുനരുപയോഗിക്കാൻ പറ്റാത്തതാണ്. ഫ്ളക്‌സ് നിർമിക്കാനുപയോഗിക്കുന്ന പോളിവിനൈൽ ക്ലോറൈഡ് അപകടകാരിയായ ഒരു രാസപദാർഥമാണ്. പിവിസിയിൽ ക്ലോറിൻ കൂടി ഉള്ളതിനാൽ അത് കത്തുമ്പോൾ വിഷവാതകങ്ങളായ ഡയോക്‌സിനും ഫ്യൂറാനും പോലെയുള്ള വിഷവാതകങ്ങൾ പുറത്തുവരും. അതുപോലെ ഫ്ളക്‌സ്‌ ബോർഡുകൾക്ക് പകരം റീസൈക്കിൾ ചെയ്യാവുന്നതും പി.വി.സി മുക്തവുമായ പോളിഎത്തിലിൻ നിർമിത വസ്തുക്കളോ അതുപോലെയുള്ള മറ്റ് വസ്തുക്കളോ ഉപയോഗിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്. പോളിഎത്തിലിൻ ഉപയോഗിച്ചുള്ള പരസ്യ ബോർഡുകൾ ഉപയോഗശേഷം റീസൈക്ലിംഗ് ചെയ്യാം. ഫ്ളക്‌സിന് പകരം പോളിഎത്തിലിൻ നിർമിത വസ്തുക്കൾ ഉപയോഗിക്കുമ്പോൾ ഫ്ളക്‌സ് പ്രിന്റിംഗ് തൊഴിൽമേഖലയിൽ പ്രത്യാഘാതങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല.