road
വീണ്ടും സംസ്ഥാന പാതയിൽ ആരംഭിച്ച ടാറിംഗ് പണി

മറയൂർ: പരാതികൾ പരിഹരിച്ച് മറയൂർ- മൂന്നാർ സംസ്ഥാന പാതയിൽ വീണ്ടും പണികൾ ആരംഭിച്ചു. ഫെബ്രുവരി 28ന് ടാറിംഗ് പണികൾ ആരംഭിച്ചെങ്കിലും ആക്ഷേപം ഉയർന്നതിനാൽ അന്നു തന്നെ നിറുത്തിവയ്ക്കുകയായിരുന്നു. ടാറിംഗ് ഇളകിയതാണ് ആക്ഷേപമുയരാൻ കാരണമായത്. തുടർന്ന് ടാറിംഗ് പ്ലാന്റിലെ അപാകതകൾ പരിഹരിച്ചു. പൊതുമരാമത്ത് വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥർ പ്ലാന്റിലെത്തി ടാറിംഗിനായി ഉപയോഗിക്കുന്ന മെറ്റിലും മറ്റ് സാധനങ്ങളും വിശദമായി പരിശോധിച്ച് തൃപ്തി രേഖപ്പെടുത്തി. എക്‌സിക്യൂട്ടിവ് എൻജിനിയർ ജാഫർ ഖാൻ, അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ സച്ചിൻ. പി, അസിസ്റ്റന്റ് എൻജിനീയർ ഷറഫുദ്ദീൻ.കെ.എം, ക്വാളിറ്റി വിംഗ് അസി. എൻജിനിയർ സൗമ്യ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്കായി മറയൂർ ബാബുനഗറിലെ പ്ലാന്റിൽ ഇന്നലെ എത്തിയത്. ഇവരുടെ നിർദ്ദേശപ്രകാരം ഇന്നലെ ഉച്ചയോടെ ടാറിംഗ് പണി ചട്ട മൂന്നാർ ഭാഗത്ത് പുനരാരംഭിച്ചു. ശബരിമല പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തി 19.8 കോടി രൂപ ചിലവിൽ മൂന്നാറിൽ നിന്ന് മറയൂർ വരെയുള്ള 40 കിലോമീറ്റർ ദൂരം ആധുനിക രീതിയിൽ റബറൈസ്ഡ് റോഡായി പണിയാനാണ് തീരുമാനിച്ചിരിക്കുന്നത്. ചില മേഖലകളിൽ സംരക്ഷണഭിത്തികളുടെ നിർമ്മാണവും നടക്കും. നിർമ്മാണ സാമഗ്രികളുടെ ഗുണനിലവാരം മെച്ചപ്പെട്ടതാണെന്നും ടാറിംഗ് ഏറ്റവും നല്ല രീതിയിൽ നടക്കാനുള്ള നടപടികൾ സ്വീകരിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു. ടാറിംഗ് നടക്കുന്ന സമയങ്ങളിൽ ഗതാഗത തടസമുണ്ടാകുന്നതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകളിൽ യാത്രക്കാർ സഹകരിക്കണമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.