elephant-attack
കാട്ടാനക്കൂട്ടം തകർത്ത കൃഷിയിടം

മറയൂർ: മറയൂർ പഞ്ചായത്തിലെ കരിമൂട്ടിയിൽ വീണ്ടും ചില്ലി കൊമ്പൻ സൗരോർജ വേലി തകർത്ത് കൃഷി നശിപ്പിച്ചു. ചട്ടമൂന്നാർ സ്വദേശി തമ്പി ദുരൈയുടെ കരിമുട്ടിയിലെ കൃഷിയിടത്തിലാണ് ചില്ലി കൊമ്പൻ നാശം വിതച്ചത്. പ്ലാവിൽ നിന്ന് ചക്ക തിന്നാനാണ് ഒറ്റയാൻ എത്തിയത്. വീടിനകത്ത് തമ്പി ദുരൈയും കുടുംബവുമാണ് ഉണ്ടായിരുന്നത്. രാത്രി ഒമ്പത് മുതൽ പുലർച്ചെ മൂന്ന് വരെ ഒറ്റയാൻ വീടിന്റെ പരിസരത്ത് നിലയുറപ്പിച്ച് നിന്നു. വീടിന് കാവലായിരുന്ന പട്ടിയെ തുമ്പികൈ കൊണ്ട് അടി കൊടുത്ത് ഓടിച്ചു. ഈ സമയമെല്ലാം വീട്ടിൽ ആശങ്കയോടെ കുടുംബാംഗങ്ങൾ കഴിയുകയായിരുന്നെന്ന് തമ്പി ദുരൈ പറഞ്ഞു. വേനൽ കടുത്തതോടെ തീറ്റയ്ക്കും വെള്ളത്തിനും വേണ്ടി ചിന്നാർ വനമേഖലയിൽ നിന്ന് കാട്ടാനയടക്കമുള്ള വന്യജീവികൾ അതിർത്തി പ്രദേശത്തെ കൃഷിയിടങ്ങളിലും ജനവാസ മേഖലയിലും കടന്നുകയറ്റം ആരംഭിച്ചിരിക്കുകയാണ്. കരിമൂട്ടി മേഖലയിൽ മൂന്നു പേരാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വീണ്ടും കാട്ടാന ആക്രമണം ആരംഭിച്ചതോടെ ഗ്രാമവാസികൾ ഭീതിയിലാണ്.