പീരുമേട്: കൂറുമാറ്റ നിരോധന നിയമപ്രകാരം പീരുമേട് പഞ്ചായത്ത് വൈസ് പ്രസിഡന്റിനെയും മുൻ പഞ്ചായത്ത് പ്രസിഡന്റിനെയും അയോഗ്യരാക്കി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു വടുതല, മുൻ പ്രസിഡന്റ് ടി.എസ്. സുലേഖ എന്നിവരെയാണ് അയോഗ്യരാക്കിയിരിക്കുന്നത്. ആറു വർഷത്തേക്ക് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിനും ഇരുവർക്കും വിലക്കുണ്ട്. കോൺഗ്രസ് സ്ഥാനാർത്ഥിയായി പാമ്പനാർ കല്ലാർ വാർഡിൽ നിന്ന് വിജയിച്ച സുലേഖ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ഭരണസമിതിയിലെ ഭിന്നതയെ തുടർന്ന് 2017 ഡിസംബർ എട്ടിന് രാജിവച്ച് എൽ.ഡി.എഫിനൊപ്പം ചേർന്ന് പ്രസിഡന്റ് സ്ഥാനം നിലനിറുത്തുകയായിരുന്നു. സുലേഖക്കൊപ്പം വൈസ് പ്രസിഡന്റ് രാജുവടുതലയും കൂറുമാറി സി.പി.എമ്മിൽ ചേർന്ന് എൽ.ഡി.എഫ് പിന്തുണയോടെ സ്ഥാനം നിലനിറുത്തി. ഇരുവരെയും കൂറുമാറ്റ നിയമപ്രകാരം അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അംഗം ബീനാമ്മ ജേക്കബ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിരുന്നു. ഡി.സി.സി പ്രസിഡന്റ് നൽകിയ വിപ്പ് ലംഘിച്ചതിന്റെ തെളിവുകളും തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയിരുന്നു. പഞ്ചായത്തിൽ എൽ.ഡി.എഫിന്റെ ഭൂരിപക്ഷം നഷ്ടപ്പെട്ടെങ്കിലും കഴിഞ്ഞ ജനുവരി 29ന് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തതിനാൽ ആറു മാസത്തിന് ശേഷം മാത്രമേ യു.ഡി.എഫിന് അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ സാധിക്കൂ. എന്നാൽ വൈസ് പ്രസിഡന്റ് പദവി തിരഞ്ഞെടുപ്പിലൂടെ തിരികെ പിടിക്കാമെന്ന ആത്മ വിശ്വാസത്തിലാണ് കോൺഗ്രസ് നേതൃത്വം.

പ്രതിരോധത്തിലായി എൽ.ഡി.എഫ്

അഴുത ബ്ലോക്ക് പഞ്ചായത്തിൽ കൂറുമാറ്റ നിരോധന നിയമ പ്രകാരം പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരെ തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യരാക്കിയതിന് തുടർന്ന് എൽ.ഡി.എഫിന് ഭരണം നഷ്ടമായതിന്റെ ക്ഷീണം മാറും മുമ്പാണ് പീരുമേട്ടിലും തിരിച്ചടി കിട്ടിയത്. കോൺഗ്രസ് ചിഹ്നത്തിൽ മത്സരിച്ചു വിജയിച്ചു പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ എത്തിയ ശേഷം പദവിയിലിരിക്കെ രാജിവെച്ച് ഇരുവരും സി.പി.എമ്മിനോടൊപ്പം ചേരുകയും എൽ.ഡി.എഫ് പിന്തുണയോടെ പദവികളിലെത്തി അധികാരത്തിൽ തുടരുകയായിരുന്നു. അയോഗ്യരായാവുന്നതിനു മുമ്പ് തന്നെ പ്രസിഡന്റ് സ്ഥാനം ടി.എസ്. സുലേഖ രാജി വെച്ച് സി.പി.എമ്മിലെ രജനി വിനോദിനെ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്തത് സി.പി.എം തന്ത്രമായിരുന്നു. രണ്ട് അംഗങ്ങളെ അയോഗ്യതയാക്കിയതോടെ യു.ഡി.എഫിനാണ് മുൻ തൂക്കമെങ്കിലും കോടതിയെ സമീപിച്ചു കേസ് നീട്ടിക്കൊണ്ടു പോവാനാണ് ഇനി എൽ.ഡി.എഫ് ശ്രമിക്കുക. 17 അംഗ ഭരണ സമിതിയിൽ നിലവിൽ എൽ.ഡി.എഫ്- 9,​ യു.ഡി.എഫ്-7, എ.ഐ.ഡി.എം.കെ-1 എന്നീ നിലയിലാണ് കക്ഷി നില.