കട്ടപ്പന: കടക്കെണിയിലായ കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സർക്കാർ നയത്തിനെതിരെ യു.ഡി.എഫ് ലോംഗ് മാർച്ച് നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 18ന് കുമളിയിൽ നിന്ന് ആരംഭിക്കുന്ന മാർച്ച് 18ന് കളക്ടറേറ്റിൽ സമാപിക്കും. തുടർച്ചയായ കർഷക ആത്മഹത്യകൾക്കെതിരെ ആശ്വാസ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കട്ടപ്പനയിൽ നടത്തിയ ഉപവാസ സമരത്തിന് ശേഷമായിരുന്നു പ്രതിപക്ഷനേതാവിന്റെ പ്രഖ്യാപനം. ആത്മഹത്യ ചെയ്ത കർഷകരുടെ കുടുംബങ്ങളെ സംരക്ഷിക്കാനുള്ള ബാധ്യത സർക്കാരിനുണ്ട്. കാർഷിക മേഖലയുമായി ബന്ധപ്പെട്ട് പ്രകടനപത്രികയിൽ പറഞ്ഞ ഒരുകാര്യം പോലും എൽ.ഡി.എഫ് നടപ്പാക്കിയിട്ടില്ല. ബാങ്കുകളുടെ ജപ്തിഭീഷണി മൂലം എട്ടിന് കർഷകർ ആത്മഹത്യചെയ്ത ജില്ലയോട് സർക്കാർ മുഖം തിരിച്ചുനിൽക്കുകയാണ്. കഴിഞ്ഞ ദിവസത്തെ അടിയന്തര മന്ത്രിസഭായോഗ തീരുമാനം ജില്ലയിലെ കർഷകർ നേരിടുന്ന പ്റശ്നങ്ങൾക്ക് പരിഹാരമാകില്ല. കർഷക ആത്മഹത്യകൾ പെരുകിയപ്പോൾ യു.ഡി.എഫ് ഉപവസിക്കുമെന്ന് അറിഞ്ഞ് അടിയന്തരമായി മന്ത്രിസഭായോഗം ചേർന്ന് എടുത്ത തീരുമാനങ്ങളും ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ മാത്രമുള്ളതായി. പ്രളയക്കെടുതികൾ സംഭവിച്ചിട്ട് എട്ട് മാസം ആകുന്നു. ഇതുവരെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഒരുരൂപപോലും കർഷകർക്ക് നൽകാത്തവർ പെട്ടന്ന് 85 കോടി വിതരണം ചെയ്യുമെന്ന് പറയുന്നത് വെറും തട്ടിപ്പാണ്. അതിനുപുറമെ നടത്തിയ മറ്റൊരു പ്റഖ്യാപനം മോറട്ടോറിയത്തിന് കാലാവധി ദീർഘിപ്പിച്ചു എന്നാണ്. ഇന്നത്തെ കടം നാളെ കൊടുത്താൽ മതി എന്നർത്ഥം. പ്രളയത്തിൽ ഭൂമിയും കാർഷിക വിളകളും നശിച്ചുപോയ കർഷകർക്ക് ഒന്നരമാസം കൂടി കാലാവധി നീട്ടിക്കിട്ടിയാലും വായ്പകൾ തിരിച്ചടയ്ക്കാൻ കഴിയില്ല. അതുകൊണ്ട് കർഷകർ എടുത്തിട്ടുള്ള അഞ്ച് ലക്ഷം രൂപ വരെയുള്ള എല്ലാ ബാങ്കുവായ്പകളും എഴുതിത്തള്ളണം. ജില്ലാ- ബ്ലോക്ക്- ഗ്രാമ പഞ്ചായത്തുകൾ വാർഷിക പദ്ധതിയിൽ ചെലവഴിക്കുന്ന തുകയും കിഫ്ബിയുടെ പ്രവർത്തനവും ചേർത്താണ് 5000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. സത്യത്തിൽ പാക്കേജിന് വേണ്ടി ഒരുപൈസ പോലും ബഡ്ജറ്റിൽ നീക്കിവച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കിയിൽ സംഭവിച്ചത് കർഷക ആത്മഹത്യകളല്ല, മറിച്ച് കർഷക കൊലപാതകമാണെന്നും മനുഷ്യനിർമ്മിത പ്റളയത്തിന്റെ പിരണിതഫലമായി സംഭവിച്ച ഈ ദുരന്തത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും മുഖ്യമന്ത്രിക്കും കൃഷി മന്ത്രിക്കുമാണെന്നും ചടങ്ങിൽ സംസാരിച്ച ജോസ് കെ. മാണി എം.പി. പറഞ്ഞു. കട്ടപ്പന മുനിസിപ്പൽ മൈതാനത്ത് സംഘടിപ്പിച്ച ഉപവാസം യു.ഡി.എഫ് കൺവീനർ ബന്നി ബഹനാൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ജില്ല ചെയർമാൻ അഡ്വ.എസ്. അശോകൻ അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് (ജേക്കബ്) ലീഡർ അനൂപ് ജേക്കബ് എം.എൽ.എ, കെ.പി.സി.സി. വക്താവ് ജോസഫ് വാഴക്കൻ, ഡി.സി.സി. പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ, യു.ഡി.എഫ്. സെക്രട്ടറി ജോണി നെല്ലൂർ,എം.എൽ.എ മാരായ വി.ഡി. സതീശൻ, റോഷി അഗസ്റ്റിൻ, അൻവർ സാദത്ത്, നേതാക്കളായ എ.കെ. മണി, ലാലി വിൽസന്റ്, കെ.എസ്. ഹംസ, അലക്‌സ് കോഴിമല, ഇ.എം. ആഗസ്തി, റോയി കെ. പൗലോസ്, വി.ജെ. പൗലോസ്, എം.എസ്. മുഹമ്മദ്, സുരേഷ് ബാബു, ജി.ബേബി, റാംമോഹൻ, സുലൈന്മാൻ റാവുത്തർ എന്നിവർ പ്രസംഗിച്ചു.

വൈകിട്ട് കേരളാ കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ പ്രതിപക്ഷ നേതാവിന് നാരങ്ങാനീരു നൽകി ഉപവാസ സമരം അവസാനിപ്പിച്ചു.