പീരമേട്: യൂത്ത് കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താലിനിടെ
വണ്ടിപ്പെരിയാറ്റിൽ കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പൊലീസ് നടത്തിയ ലാത്തിചാർജിനെക്കുറിച്ച് അന്വേഷണം നടത്താൻ കോടതി പൊലീസിന് നിർദേശം നൽകി. അന്വേഷണ ഉദ്യോഗസ്ഥനായ കുമളി സി.ഐയ്ക്കാണ് പീരമേട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് യു. കൃഷ്ണനുണ്ണി നിർദേശം നൽകിയത്. സംഘർഷത്തിൽ പൊലീസിനെ ആക്രമിച്ച് കൃത്യനിർവഹണം തടസപ്പെടുത്തിയ സംഭവത്തിൽ ഒളിവിലായിരുന്ന 17 കോൺഗ്രസ് പ്രവർത്തകർ കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങിയിരുന്നു. സംഘർഷവുമായി ബന്ധപ്പെട്ട് കീഴടങ്ങിയ കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും കോടതിയിൽ ഹാജരാക്കിയപ്പോഴാണ് കേസിലെ ഒന്നാം പ്രതിയും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ ഷാജി പൈനാടത്ത് തങ്ങളെ പൊലീസ് മർദിച്ചെന്നും പരിക്കേറ്റു ചികിത്സയിലായിരുന്നെന്നും പരാതി മജിസ്‌ട്രേറ്റിനു എഴുതി നൽകിയത്. ഇതിനോടൊപ്പം പരിക്കേറ്റതിന്റെ മെഡിക്കൽ റിപോർട്ടുകളും സമർപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംഭവം അന്വേഷിക്കാൻ കോടതി നിർദേശം നൽകിയത്.