vs-sunil-kumar

ഇടുക്കി: ഏതെങ്കിലും ധനകാര്യ സ്ഥാപനങ്ങൾ കുടിശികയുടെ പേരിൽ കർഷകരെയോ അവരുടെ ബന്ധുക്കളെയോ ഫോണിൽ വിളിച്ചോ മറ്റ് രീതിയിലൊ ബുദ്ധിമുട്ടിച്ചാൽ ക്രിമിനൽ കേസ് എടുക്കുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്. ഇടുക്കിയിലെ കർഷക ആത്മഹത്യകളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞദിവസം ചേർന്ന അടിയന്തിര മന്ത്രിസഭായോഗത്തിന്റെ തീരുമാനപ്രകാരം കൃഷിവകുപ്പ് ഉദ്യോഗസ്ഥരും ബാങ്ക് പ്രതിനിധികളുമായി തൊടുപുഴയിൽ നടത്തിയ ചർച്ചയ്ക്ക് ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. കർഷകരുടെ വായ്പകുടിശിക ഈടാക്കാൻ കൃഷി ഭൂമിക്കുമേൽ 'സർഫാസി ' നിയമം പ്രയോഗിക്കാൻ ബാങ്കുകളെ അനുവദിക്കില്ല. കാർഷിക കടാശ്വാസത്തിന്റെ പരിധി രണ്ട് ലക്ഷംവരെ ഉയർത്തിയതിന് പുറമെ കാർഷിക വായ്പകളുടെ ഒമ്പത് ശതമാനം പലിശ സർക്കാർ ഏറ്റെടുക്കും. ഇതിൽ കൂടിയനിരക്കിൽ പലിശ ഈടാക്കാൻ പാടില്ലെന്ന് ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിട്ടുമുണ്ട്. ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് നോട്ടീസ് ലഭിച്ചിട്ടുള്ള മുഴുവൻ കർഷകരെയും പഞ്ചായത്ത് തലത്തിൽ വിളിച്ചുകൂട്ടി കൃഷിവകുപ്പ് ഉദ്യോഗസ്ഥരും ബാങ്ക് പ്രതിനിധികളും നേരിട്ട് സംസാരിച്ച് ആശ്വസിപ്പിക്കും. കർഷകരുടെ മേലുള്ള എല്ലാ ജപ്തിനടപടികളും നിറുത്തിവയ്ക്കാൻ വില്ലേജ് ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ജോയ്സ് ജോർജ് എം.പി, എം.എൽ.എമാരായ പി.ജെ. ജോസഫ്, ഇ.എസ്. ബിജിമോൾ എന്നിവരും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.