തൊടുപുഴ: വായ്പകളുടെ തിരിച്ചടവ് മുടങ്ങിയാൽ ധനകാര്യ സ്ഥാപനങ്ങൾക്ക് നേരിട്ട് ജപ്തി നടപടികൾ നടത്താനുള്ള അധികാരം കൊടുക്കുന്ന സെക്യൂരിറ്റൈസേഷൻ ആൻഡ് റീകൺസ്ട്രക്ഷൻ ഓഫ് ഫിനാൻഷ്യൽ അസറ്റ്‌സ് ആൻഡ് എൻഫോഴ്‌സ്‌മെന്റ് ഓഫ് സെക്യൂരിറ്റീസ് ഇന്ററസ്റ്റ് ആക്ട് എന്നതിന്റെ ചുരുക്കപ്പേരാണ് സർഫാസി നിയമം. വായ്പയുടെ തിരിച്ചടവ് മുടങ്ങിയാൽ, പ്രസ്തുത അക്കൗണ്ട് നോൺ പെർഫോമിങ് അസറ്റ് ആയി പ്രഖ്യാപിക്കാൻ ബാങ്കിന് സാധിക്കും. വായ്പ തിരിച്ചടക്കുന്നതിൽ മൂന്നു ഗഡുക്കൾ തുടർച്ചയായി വീഴ്ചവരുത്തിയാൽ ഈടായി നൽകിയ വസ്​തു ബാങ്കിന് നേരിട്ടു പിടിച്ചെടുക്കാനും വിൽക്കാനും നിയമം അധികാരം നൽകുന്നു. ഈട് വസ്​തു പിടിച്ചെടുക്കാൻ കോടതി ഉത്തരവ് വേണ്ട. വായ്പാ വസ്​തുവിൽ നോട്ടീസ്​ പതിച്ച് ബാങ്കിന് ഏറ്റെടുക്കാം. കടമെടുത്തയാൾ 60 ദിവസത്തിനുള്ളിൽ പൂർണമായും തിരിച്ചടവ് നടത്തണമെന്ന് നോട്ടീസ് അയയ്ക്കാനും ബാങ്കിന് കഴിയും. നിശ്ചിത സമയപരിധിയിൽ കുടിശികസംഖ്യ പൂർണമായി തിരിച്ചടയ്ക്കാൻ സാധിച്ചില്ലെങ്കിൽ ബാങ്കിന് ജപ്തി നടപടികൾ സ്വീകരിക്കാം. കടമെടുത്തയാളിൽ നിന്ന് ജപ്തി മുഖാന്തിരം സംഖ്യ ഈടാക്കാനായില്ലെങ്കിൽ ജാമ്യക്കാരുടെ സ്ഥാവരജംഗമവസ്തുക്കൾ ജപ്തി ചെയ്യുന്നതിനും ബാങ്കിന് അധികാരമുണ്ടായിരിക്കും. ഈ നിയമം നടപ്പിലാക്കരുതെന്നാണ് മന്ത്രി വി.എസ്. സുനിൽ കുമാർ ഇന്നലെ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയത്. ഒരു ലക്ഷത്തിൽ താഴെയുള്ളതും വസ്​തു ഈട് നൽകാത്തതുമായ വായ്പക്ക് നിയമം ബാധകമല്ല. തിരിച്ചടക്കാനുള്ള തുക എടുത്ത വായ്പയുടെ ഇരുപതു ശതമാനത്തിൽ താഴെയാണെങ്കിലും നിയമം ബാധകമാകില്ല.