തൊടുപുഴ: ധനകാര്യസ്ഥാപനങ്ങളിൽ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചതിന്റെ പേരിൽ ഭയന്നുകഴിയുന്ന കർഷക ഭവനങ്ങളിലേക്ക് സ്നേഹദൂതുമായി കൃഷിവകുപ്പ് ഉദ്യോഗസ്ഥർ എത്തും. ആർദ്രഹൃദയത്തോടെ അവർ നിങ്ങളുടെ സങ്കടങ്ങൾ കേൾക്കും. സർക്കാർ ഒപ്പമുണ്ടെന്ന് പ്രവൃത്തികളിലൂടെ തെളിയിക്കും.... പറയുന്നത് കൃഷി മന്ത്രി വി.എസ്. സുനിൽകുമാറാണ്. അതുകൊണ്ട് തീരില്ല, സമാന മനസ്കരുടെ കൂട്ടായ്മകൾ പഞ്ചായത്തുതലത്തിൽ വിളിച്ചുചേർത്ത് കൃഷിവകുപ്പ് ഉദ്യോഗസ്ഥരും ബാങ്ക് പ്രതിനിധികളും ജനപ്രതിനിധികളും കർഷകരുടെ പ്രശ്നങ്ങൾക്ക് കൂട്ടായ പരിഹാരം കാണും. വായ്പകുടിശികയിൽ രണ്ടുലക്ഷം രൂപവരെയുള്ള തുക എഴുതി തള്ളാൻ കാർഷിക കടാശ്വാസ കമ്മിഷൻ നടപടി സ്വീകരിക്കും. രാജ്യത്ത് കാർഷിക കടാശ്വാസ കമ്മിഷൻ നിലവിലുള്ള ഏക സംസ്ഥാനം കേരളമാണ്. അതിന്റെ പ്രയോജനം ഇവിടത്തെ കർഷകർക്ക് ലഭിക്കും. രണ്ട് ലക്ഷത്തിന് മുകളിലുള്ള ദീർഘകാല വായ്പകളുടെ ഒമ്പത് ശതമാനം പലിശ സർക്കാർ നൽകും. കൃഷി പുനഃരാരംഭിക്കുന്നതിന് പുനർവായ്പ ലഭ്യമാക്കുന്ന കാര്യവും പരിഗണിക്കും. ഇതുകൊണ്ടും തീരാത്ത സങ്കടമാണെങ്കിൽ കൗൺസലിംഗിലൂടെ ആശ്വസിപ്പിക്കും. സഹകരണ ബാങ്കുകൾ, ദേശസാത്കൃത- പൊതുമേഖല- സ്വകാര്യ ബാങ്കുകൾക്കും അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന ബ്ലേഡ് കമ്പനികൾക്കും കടം തിരിച്ചുപിടിക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. കൃഷി ഭൂമിക്കുമേൽ സർഫാസി പ്രയോഗിക്കാൻ അനുവദിക്കില്ല. ഇതിന് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. ബാങ്കുകളിൽ നിന്ന് ഇനി ഫോണിൽ വിളിച്ച് ആരെയും ഭീഷണിപ്പെടുത്തില്ല. അങ്ങനെ ചെയ്താൽ ഭീഷണി മുഴക്കുന്ന ഉദ്യോഗസ്ഥനെതിരെ ക്രിമിനൽ കേസ് എടുക്കും. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെ തോന്ന്യപോലെ പ്രവർത്തിക്കാൻ അനുവദിക്കില്ല.

65 ശതമാനം ധനസഹായം വിതരണം ചെയ്തു

പ്രളയക്കെടുതികൾ നേരിടുന്ന കർഷകർക്കുള്ള ധനസഹായം 65 ശതമാനം വിതരണം ചെയ്തുവെന്ന് മന്ത്രി പറഞ്ഞു. അവശേഷിക്കുന്നതിനായി 85 കോടി രൂപ കൂടി അനുവദിച്ചു. ഇതും നാളിതുവരെയുള്ള കാർഷകക്ഷേമ പെൻഷൻ കുടിശികയും 31നകം കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ എത്തും. നേരത്ത നഷ്ടപരിഹാരം ലഭിച്ചവർക്ക് കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ തീരുമാനപ്രകാരം വർദ്ധിപ്പിച്ച അധിക ആനുകൂല്യവും നൽകും. ഇതിനെല്ലാം പുറമെ 1100 ഹെക്ടറിൽ കുരുമുളക് കൃഷിക്ക് സഹായം നൽകും.

മുതലകണ്ണീർ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട്

മുമ്പും കേരളത്തിൽ സമാനമായ പ്രതിസന്ധികൾ ഉണ്ടായിട്ടുണ്ട്. അന്നൊന്നും കർഷകരെ സഹായിക്കാതിരുന്നവർ ഇപ്പോൾ മുതലക്കണ്ണീരുമായി രംഗത്തുവരുന്നത് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണെന്ന് മന്ത്രി പറഞ്ഞു. 2001- 2006 കാലത്ത് 854 കർഷകർ കേരളത്തിൽ ആത്മഹത്യ ചെയ്തു. അന്ന് ഭരണം നടത്തിയിരുന്ന യു.ഡി.എഫ് ആത്മഹത്യചെയ്ത കർഷകരുടെ ആശ്രിതർക്ക് 50,000 രൂപയുടെ ധനസഹായം നൽകിയതല്ലാതെ മറ്റൊന്നും ചെയ്തില്ല. 2012 മുതലുള്ള പ്രകൃതിക്ഷോഭത്തിന്റെ നഷ്ടപരിഹാരം 196 കോടിരൂപ ഇടതുപക്ഷ മുന്നണി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ് കൊടുത്തുതീർത്തത്. നേരത്തെ കൃഷിനാശം സംഭവിച്ചാൽ രണ്ട് വർഷം കഴിഞ്ഞാണ് നഷ്ടപരിഹാരം നൽകിയിരുന്നത്. അതാണ് ഈ സർക്കാർ മാറ്റംവരുത്തിയത്.