തൊടുപുഴ: കർഷക ആത്മഹത്യകൾക്ക് പരിഹാരം കാണാനെത്തിയ മന്ത്രി വൃദ്ധദമ്പതികളുടെ സങ്കടഹർജിക്കുമുമ്പിൽ നിസഹായനായി. തൊടുപുഴ പുതുപ്പരിയാരം വെള്ളൂപ്പറമ്പിൽ ജോസഫും (68) ഭാര്യ മേഴ്സിയുമാണ് (60) കടവും കാൻസറും ചേർന്ന് വരിഞ്ഞുമുറുക്കുന്ന ജീവിത പ്രതിസന്ധിക്ക് പരിഹാരംതേടി മന്ത്രി വി.എസ്. സുനിൽകുമാറിനെ സമീപിച്ചത്. എന്നാൽ പരാതിയുടെ ഗൗരവം മനസിലാക്കിയ മന്ത്രിക്ക് പ്രശ്നം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താമെന്ന് പറഞ്ഞ് ആശ്വസിപ്പിക്കാനല്ലാതെ അടിയന്തര നടപടികളൊന്നും നിർദ്ദേശിക്കാനുണ്ടായിരുന്നില്ല. ആകെയുള്ള 37 സെന്റ് സ്ഥലത്തെ കൃഷിയും മേഴ്സിയുടെ തയ്യൽ ജോലിയുമൊക്കെയായി കഴിഞ്ഞിരുന്ന കുടുംബം ഇപ്പോൾ 10 ലക്ഷത്തിലേറെ രൂപയുടെ കടക്കെണിയിലാണ്. തൊടുപുഴ അർബൻ കോ- ഓപ്പറേറ്റീവ് ബാങ്കിൽ നിന്ന് എടുത്ത ഏഴ് ലക്ഷവും യൂണിയൻ ബാങ്കിൽ നിന്നെടുത്ത മൂന്ന് ലക്ഷത്തിന്റെ വായ്പയും തിരിച്ചടയ്ക്കാൻ നിവൃത്തിയില്ല. അതിനൊപ്പം എല്ലാമാസവും തിരുവനന്തപുരം ആർ.സി.സിയിൽ പോയി ചികിത്സയും നടത്തേണ്ട അവസ്ഥയിലായതോടെ ജീവിതം തീർത്തും പ്രതിസന്ധിയിലായി. ഓരോ തവണയും മരുന്ന് വാങ്ങാൻ ചെല്ലുമ്പോൾ പോഷകസമൃദ്ധമായ ആഹാരംകൂടി കഴിക്കണമെന്നാണ് ഡോക്ടർ നിർദ്ദേശിക്കുന്നത്. ഇത് കേട്ടില്ലന്ന് നടിക്കാനെ നിവർത്തിയുള്ളു. രോഗം തളർത്തിയ ശരീരം കൊണ്ട് ജോലി ചെയ്യാനാവാത്തതിനാൽ വരുമാനവും പൂർണമായും നിലച്ചു. അതോടെ നിത്യവൃത്തി തന്നെ പ്രതിസന്ധിയിലാണ്. അടുത്തിടെ അർബൻ ബാങ്കിൽ നിന്ന് രണ്ടുതവണ അദാലത്തിന് വിളിച്ചുകൊണ്ടുള്ള നോട്ടീസ് എത്തി. അപ്പോഴൊക്കെ തിരുവനന്തപുരത്ത് ആശുപത്രിയിലായിരുന്നതിനാൽ പങ്കെടുക്കാനായില്ല. ഇനി എന്നുവേണമെങ്കിലും ജപ്തിനോട്ടീസ് വരുമെന്ന ഭീതിയിലാണ് രണ്ടുപേരും കൂടി മന്ത്രിയെ കാണാൻ തീരുമാനിച്ചത്. എന്നാൽ കാർഷിക കടാശ്വാസ കമ്മിഷന്റെ പരമാവധി സഹായം നൽകിയാലും പരിഹരിക്കാനാവാത്ത പ്രശ്നമായതിനാൽ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താമെന്ന് ഉറപ്പുമാത്രമാണ് മന്ത്രി സുനിൽകുമാർ നൽകിയത്. ആകെയുള്ള 37 സെന്റ് സ്ഥലം വിറ്റ് കടം വീട്ടാനും തയ്യാറാണെന്ന് ദമ്പതികൾ പറഞ്ഞു. ഗതികേട് സമയത്ത് സ്ഥലം വാങ്ങാനും ആരും തയ്യാറാകുന്നില്ല. ആരെങ്കിലും വന്നാൽതന്നെ പ്രതിസന്ധി മുതലെടുത്ത് വിലകുറയ്ക്കാനാണ് നോക്കുന്നതെന്നും ദമ്പതികൾ പറഞ്ഞു. ഇവർക്ക് രണ്ട് പെൺമക്കളാണുള്ളത്. രണ്ടുപേരെയും വിവാഹം ചെയ്തയച്ചു. അവരും മാതാപിതാക്കളെ സഹായിക്കാൻ ശേഷിയുള്ളവരല്ല.