തൊടുപുഴ: 'എന്റെ കുടുംബം, ബി.ജെ.പി കുടുംബം' എന്ന സന്ദേശവുമായി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ നയിക്കുന്ന പരിവർത്തനയാത്രയ്ക്ക് ഇന്ന് വൈകിട്ട് തൊടുപുഴയിൽ വമ്പിച്ച സ്വീകരണം നൽകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

നരേന്ദ്രമോദി സർക്കാരിന്റെ അഞ്ച് വർഷത്തെ വികസനവിപ്ലവത്തിന് തുടർച്ചയുണ്ടാവാൻ, 'വീണ്ടും വരണം മോദി ഭരണം' എന്നതാണ് യാത്രയുടെ പ്രധാന മുദ്രാവാക്യം. കോടിക്കണക്കിന് ആളുകളുടെ വിശ്വാസങ്ങളെ അനാചാരമെന്നും ദുരാചാരമെന്നും മുദ്രകുത്തുകയും ഇരുമുടിക്കെട്ടുമായി മലകയറിയ അയ്യപ്പഭക്തന്മാരെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടയ്ക്കുകയും ചെയ്ത പിണറായി സർക്കാരിനോടുള്ള അമർഷം രേഖപ്പെടുത്താൻ കൂടിയാണ് ഈ യാത്ര. അതോടൊപ്പം സംസ്ഥാന സർക്കാരിന്റെ വികസന വിരോധവും ചർച്ചാവിഷയമാണ്. രാവിലെ അടിമാലിയിൽ നിന്നാണ് യാത്രയുടെ ജില്ലാതല പര്യടനം ആരംഭിക്കുന്നത്. വൈകിട്ട് അഞ്ചിന് തൊടുപുഴ മുനിസിപ്പൽ മൈതാനത്ത് നടക്കുന്ന സമാപനസമ്മേളനം ബി.ജെ.പി ദേശിയ കൗൺസിൽ അംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും. തൊടുപുഴ മണ്ഡലം പ്രസിഡന്റ് ശശി ചാലയ്ക്കൽ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. വേലായുധൻ, കർഷകമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. ജയസൂര്യൻ, മഹിളാമോർച്ച ജനറൽ സെക്രട്ടറി അഡ്വ. നിവേദിത, സെക്രട്ടറി രേണുക സുരേഷ്, ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ.കെ. നസീർ എന്നിവർ പ്രസംഗിക്കും. വാർത്താസമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റ് ശശി ചാലയ്ക്കൽ, ജനറൽ സെക്രട്ടറിമാരായ അഡ്വ. എം.എസ്. വിനയരാജ്, കെ.പി. രാജേന്ദ്രൻ, എസ്.എച്ച്. കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.