boating
നാളെ ബോട്ട് സർവീസ് ആരംഭിക്കുന്ന കല്ലാർകുട്ടി അണക്കെട്ട്

അടിമാലി: കാത്തിരിപ്പുകൾക്കൊടുവിൽ കല്ലാറുകുട്ടി അണക്കെട്ടിൽ നാളെ മുതൽ ബോട്ട് സർവ്വീസാരംഭിക്കും. വൈദ്യുതി വകുപ്പ് ഹൈഡൽ ടൂറിസത്തിന്റെയും മുതിരപ്പുഴ ടൂറിസം ഡവലപ്പ്‌മെന്റ് ആൻഡ് കൾച്ചറൽ സെന്ററിന്റെയും സംയുക്ത സഹകരണത്തിലാണ് ഡാമിൽ ബോട്ട് സർവ്വീസാരംഭിക്കുന്നത്. ഒരു വർഷം മുമ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ സർവ്വീസാരംഭിക്കുന്നത് നീണ്ടു പോകുകയായിരുന്നു. നാളെ രാവിലെ 10ന് മന്ത്രി എംഎം മണി ബോട്ട് സർവ്വീസിന്റെയും വിവിധ ടൂറിസം പദ്ധതികളുടെയും ഉദ്ഘാടനം നിർവഹിക്കും. സർവീസിനാവശ്യമായ ബോട്ട് ജെട്ടിയുടെ നിർമ്മാണം അണക്കെട്ടിന് സമീപം സ്ഥലമേറ്റെടുത്ത് പൂർത്തീകരിച്ചു കഴിഞ്ഞു. ആദ്യഘട്ടത്തിൽ സർവ്വീസിന് വേണ്ടുന്ന ബോട്ടുകളും അണക്കെട്ടിൽ എത്തിച്ചിട്ടുണ്ട്. ബോട്ട് സർവ്വീസു പുറമെ ഫാം ടൂറിസം, ട്രക്കിംഗ്, അഡ്വഞ്ചർ ടൂറിസം തുടങ്ങിയവയും അണക്കെട്ടുമായി ബന്ധപ്പെടുത്തി നടപ്പിലാക്കും. കല്ലാറുകുട്ടിയിൽ ബോട്ട് സർവ്വീസാരംഭിക്കുന്നതോടെ ദേശിയപാത 185 ലൂടെ സഞ്ചരിക്കുന്ന സഞ്ചാരികൾക്ക് മൂന്നാറിലേക്കുള്ള യാത്രയിൽ പുതിയൊരു ഇടത്താവളമാകും.