അടിമാലി: ജില്ലയിലെ കർഷകരുടെ പ്രശ്‌നങ്ങൾ ബന്ധപ്പെട്ട ഇടങ്ങളിൽ എത്തിക്കാൻ ഇടുക്കിയിൽ ജനപ്രതിനിധികളില്ലാത്ത സാഹചര്യമാണുള്ളതെന്ന് ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് വെള്ളത്തൂവലിൽ സംഘടിപ്പിച്ച വില്ലേജ് ഓഫീസ് ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷകരുടെ യഥാർത്ഥ പ്രശ്‌നങ്ങൾ തിരിച്ചറിയാൻ സർക്കാരിനായില്ല. ജില്ലയിൽ തുടർച്ചയായി കർഷക ആത്മഹത്യകൾ ഉണ്ടായ സാഹചര്യത്തിൽ പ്രശ്‌നത്തിൽ സർക്കാർ ഫലപ്രദമായ ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് വെള്ളത്തൂവൽ വില്ലേജോഫീസിന് മുമ്പിലും ധർണ നടത്തിയത്. മണ്ഡലം പ്രസിഡന്റ് പയസ് എം. പറമ്പിൽ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ നേതാക്കളായ ജോർജ്ജ് തോമസ്, ജോസ്, ബാബു പി. കുര്യാക്കോസ്, ഇൻഫന്റ് തോമസ്, എ.എൻ. സജി എന്നിവർ സംസാരിച്ചു.