ചെറുതോണി: വാത്തിക്കുടി, കൊന്നത്തടി പഞ്ചായത്തുകളിലെ സർക്കാർ സ്‌കൂളുകൾക്ക് കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനായി 1,55,40,000 രൂപ നിയോജകമണ്ഡലം ആസ്തി വികസ ഫണ്ടിൽ നിന്ന് അനുവദിച്ച് ഉത്തരവായതായി റോഷി അഗസ്റ്റിൻ എം.എൽ.എ അറിയിച്ചു. വാത്തിക്കുടി പഞ്ചായത്തിലെ പതിനാറാംകണ്ടം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് ഒരു നിലകൂടി നിർമ്മിക്കുന്നതിനായി 51.85 ലക്ഷം രൂപയും പെരിഞ്ചാംകുട്ടി ഗവ. ഹൈസ്‌കൂളിന് 61.90 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. പതിനാറാംകണ്ടം സ്‌കൂളിന് ഹയർ സെക്കൻഡറി വിഭാഗത്തിന് ആവശ്യമായ ക്ലാസ് റൂം, ലാബ്, ലൈബ്രറി സൗകര്യങ്ങളും ഇതോടെ ഒറ്റക്കെട്ടിടത്തിൽ ക്രമീകരിക്കാനാകും. സ്‌കൂളിന്റെ ഒരു നില എം.എൽ.എ ഫണ്ട് വിനിയോഗിച്ച് കഴിഞ്ഞ വർഷം പൂർത്തിയാക്കിയിരുന്നു. പെരിഞ്ചാംകുട്ടി സ്‌കൂളിന് വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനുവദിച്ചിട്ടുള്ള 90 ലക്ഷം രൂപയ്ക്ക് പുറമെയാണ് 61.90 ലക്ഷം കൂടി അനുവദിച്ചിട്ടുള്ളത്. രണ്ട് തുകയും ഒരുമിച്ചുപയോഗിച്ച് ഒറ്റക്കെട്ടിടമായി നിർമ്മിക്കത്തക്കവിധമാണ് പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്. കൊന്നത്തടി പഞ്ചായത്തിലെ മുക്കുടം ഗവ. ഹൈസ്‌കൂൾ കെട്ടിടം നവീകരിക്കുന്നതിനായി 10.70 ലക്ഷം രൂപയും കൊന്നത്തടി പഞ്ചായത്ത് ഗവ. യു.പി. സ്‌കൂൾ കെട്ടിടത്തിൽ ക്ലാസ് റൂമുകൾ ഭിത്തി കെട്ടി തിരിക്കുന്നതിനും സ്മാർട്ട് ക്ലാസ് റൂമുകൾ നിർമ്മിക്കുന്നതിനുമായി 11.70 ലക്ഷം രൂപയും മുള്ളരിക്കുടി ഗവൺമെന്റ് എൽ.പി. സ്‌കൂളിൽ ഒരു ക്ലാസ് റൂം കൂടി അധികമായി നിർമ്മിക്കുന്നതിന് 19.25 ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. ടെൺഡർ നടപടികൾ പൂർത്തിയാക്കി ഉടൻ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയുമെന്നും എം.എൽ.എ പറഞ്ഞു.