മറയൂർ: മറയൂർ വില്ലേജിൽ 75 പേർക്ക് പട്ടയം നൽകി. ചില സാങ്കേതിക തകരാറുകൾ കാരണം കഴിഞ്ഞ പട്ടയമേളയിൽ മറയൂർ വില്ലേജിൽ ഉള്ളവർക്ക് പട്ടയം ലഭിച്ചിരുന്നില്ല. തുടർന്ന് നടപടിക്രമങ്ങൾ പൂർത്തികരിച്ച് ഇന്നലെ പട്ടയ വിതരണം നടത്തുകയായിരുന്നു. പട്ടയം ലഭിച്ചവരിലേറെയും ചെമ്മണ്ണു കുഴിയിലെ മൂന്ന് സെന്റ് വീതം ഭൂമി ലഭിച്ചവരാണ്. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഖബിബുള്ളയുടെ ഭാര്യ മസൂദബീവിക്കും മറയൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് ഗണപതി മന്നാനും പട്ടയം ലഭിച്ചവരിൽപ്പെടുന്നു. നടപടികൾ പൂർത്തികരിച്ച് ബാക്കിയുള്ള സ്ഥല ഉടമകൾക്കും പട്ടയം നൽകാനുള്ള നടപടികൾ ദ്രുതഗതിയിൽ നടന്നുവരികയാണെന്ന് ദേവികുളം തഹസിൽദാർ പി.കെ. ഷാജി പറഞ്ഞു. സി.പി.എം മറയൂർ ഏരിയ സെക്രട്ടറി വി.സിജിമോൻ, സി.പി.ഐ സെക്രട്ടറി ശശികുമാർ, തുടങ്ങിയവർ പട്ടയ വിതരണ മേളയിൽ പങ്കെടുത്തു.