ചെറുതോണി: കഴിഞ്ഞ ആറ് വർഷമായി വനിതകൾ മാത്രമുള്ള സർക്കാർ വിദ്യാലയമെന്ന ബഹുമതി ഈ വനിതാ ദിനത്തിലും ഉപ്പുതോട് ഗവ. യു.പി സ്‌കൂളിന് മാത്രം. പ്രധാന അദ്ധ്യാപിക ഉൾപ്പെടെ എട്ട് അദ്ധ്യാപകരും വനിതകളാണ്. ഓഫീസ് ജീവനക്കാരിയും വനിതയാണ്. 1973 ൽ പ്രവർത്തനം ആരംഭിച്ച മലയോര കർഷകരുടെ ഈ ആദ്യ വിദ്യാലയത്തിൽ കഴിഞ്ഞ 15 വർഷമായി പ്രധാന അദ്ധ്യാപികയും വനിത തന്നെ. കഴിഞ്ഞ 12 വർഷത്തിനിടയിൽ രണ്ടുവർഷം മാത്രമാണ് പുരുഷന്മാർ ഇവിടെ അദ്ധ്യാപകരായി ജോലി ചെയ്തിട്ടുള്ളത്. വനിതാ അദ്ധ്യാപകർ എല്ലാവരും വിവാഹിതരും അമ്മമാരുമാണ്. ഇവരുടെ കുട്ടികൾ ഈ സ്‌കൂളിൽ തന്നെയാണ് പഠിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ 15 വർഷമായി കുട്ടികൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകുന്ന സൗമ്യടീച്ചറാണ് സീനിയർ. ഈ നാട്ടുകാരി തന്നെയാണ് ടീച്ചർ. 12 വർഷമായി ഇവിടെ ജോലിചെയ്യുന്ന ധന്യാ മോഹനാണ് തൊട്ടടുത്ത സ്ഥാനത്ത്. സ്‌കൂളിനോട് ചേർന്ന് പ്രീ പ്രൈമറി സ്‌കൂളും അംഗൻവാടിയും പ്രവർത്തിക്കുന്നു. ഇവിടെയും വനിതകൾ തന്നെയാണ് ഭരണം. സർക്കാർ നവ കേരള മിഷന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ യജ്ഞത്തിൽപെടുത്തി സ്‌കൂൾ ഉന്നത നിലവാരത്തിലെത്തിക്കുന്നതിന് ഒരുകോടി രൂപ അനുവദിച്ചിട്ടുണ്ട്. പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രമാക്കിമാറ്റുന്നതിന് ഇടുക്കി മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുത്തിരിക്കുന്നത് ഏക സ്‌കൂൾ ഇതു മാത്രമാണ്. രണ്ടുതലമുറയ്ക്ക് അക്ഷര വെളിച്ചം പകർന്ന് 45 വർഷം മുമ്പ് ഓല മേഞ്ഞ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച സ്‌കൂൾ ഇപ്പോൾ ഹൈടെക് നിലവാരത്തിലെത്തി നിൽക്കുന്നു. ഒന്നാം ക്ലാസുമുതൽ ഐ.എ.എസ് പരിശീലനം, എൽ.എസ്.എസ്, യു.എസ്.എസ് എന്നീ കോഴ്‌സുകളിൽ പ്രത്യേക പരിശീലനം, മികച്ച ജൈവവൈവിദ്യ ഉദ്യാനം, ഐ.ടി അധിഷ്ഠിത വിദ്യാഭ്യാസം, അത്യാധുനിക ഉപകരണങ്ങൾ സജ്ജീകരിച്ച സയൻസ് ലാബ് എന്നിവ മരിയാപുരം പഞ്ചായത്തിലെ ഈ സ്‌കൂളിന്റെ പ്രത്യേകതകളാണ്.