vanitha
അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് കട്ടപ്പന ടൗൺഹാളിൽ കുടുംബശ്രീ ഒരുക്കിയ സംവാദം മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്യുന്നു

കട്ടപ്പന: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് കട്ടപ്പന ടൗൺഹാളിൽ കുടുംബശ്രീ ഒരുക്കിയ ട്രാൻസ്‌ജെൻഡേഴ്സിന്റെ സംവാദം മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ ട്രാൻസ്‌ജെൻഡർമാർക്ക് പ്രത്യേക പരിഗണന ആവശ്യമില്ലെ,​ എന്നാൽ മറ്റുള്ളവർക്ക് കിട്ടുന്ന സ്ഥാനം വേണമെന്നും തണൽ ട്രാൻസ്‌ജെൻഡർ കുടുംബശ്രീ അംഗങ്ങളായ ജ്യോത്സനയും ജോമോളും പറഞ്ഞു. എല്ലാ ട്രാൻസ്‌ജെൻഡർമാരും ലൈംഗിക തൊഴിലാളികൾ ആണെന്ന വിചാരം സമൂഹത്തിലെ കാഴ്ചപ്പാടിന്റെ പ്രശ്‌നമാണ്. കുടുംബശ്രി സംസ്ഥാന മിഷന്റെ നേതൃത്വത്തിൽ ട്രാൻസ്‌ജെൻഡർമാരുടെ മാനുഷിക മൂല്യങ്ങളുടെ പ്രാധാന്യം വിളിച്ചോതുന്ന ട്രാൻസ്‌ജെൻഡർ എന്ന 'ഷോർട്ട്ഫിലിം' പ്രദർശിപ്പിച്ചു. കുടുംബശ്രീ നാടക ഗ്രൂപ്പായ രംഗശ്രീയുടെ നേതൃത്വത്തിൽ എട്ട് മിനിറ്റ് ദൈർഘ്യമുള്ള കിളിയും വേടനും എന്ന നാടകവും അരങ്ങേറി. പരിപാടിയിൽ പങ്കെടുത്ത സ്ത്രീകളുടെ സിഗ്‌നേച്ചർ ക്യാമ്പയിനും നടന്നു. കുടുംബശ്രീ നേതൃത്വം നൽകുന്ന സ്ത്രീപദവി സ്വയംപഠന പ്രക്രിയയുടെ രണ്ടാംഘട്ട ഉദ്ഘാടനം ജോയ്‌സ് ജോർജ് എം.പിയും 'ലിംഗപദവി സമത്വവും നീതിയും' പുസ്തകപ്രകാശനം റോഷി അഗസ്റ്റിൻ എം.എൽ.എ.യും നിർവ്വഹിച്ചു. എ.ഡി.എം സി. ഷാജിമോൻ പി.എ നേതൃത്വം നൽകിയ പരിപാടിയിൽ സി.ഡി.എസ് ചെയർപേഴ്‌സൺ ഗ്രേയ്‌സ്‌മേരി ടോമിച്ചൻ, കട്ടപ്പന നഗരസഭ വൈസ് ചെയർപേഴ്‌സൺ രാജമ്മ രാജൻ, നഗരസഭ മുൻ ചെയർമാൻമാരായ അഡ്വ. മനോജ് എം.തോമസ്, ജോണി കുളംപിള്ളി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോയി വെട്ടിക്കുഴി, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബെന്നി കല്ലൂപ്പുരയിടം എന്നിവർ സംസാരിച്ചു.