കട്ടപ്പന: ഉപഭോക്താവിന്റെ എല്ലാവിധ അവകാശങ്ങളും സംരക്ഷിക്കാനുള്ള ഉത്തരവാദിത്ത്വം ലീഗൽ മെട്രോളജി വകുപ്പിനാണെന്ന് മന്ത്രി പി. തിലോത്തമൻ പറഞ്ഞു. കട്ടപ്പന മുനിസിപ്പൽ ടൗൺഹാളിൽ ഇടുക്കി താലൂക്ക് ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വഴിയോര കച്ചവടം മുതൽ എയർപോർട്ടിനുള്ളിൽ വരെ പരിശോധന നടത്താൻ ലീഗൽ മെട്രോളജി വകുപ്പിന് അധികാരമുണ്ട്. ഉപഭോക്താക്കൾക്ക് അർഹമായ എല്ലാ അവകാശങ്ങളും ഉറപ്പാക്കാൻ സേവന, വ്യാപാര സ്ഥാപനങ്ങൾ പരിശോധിച്ച് അവർ കൃത്യതയോടെയാണോ പ്രവർത്തിക്കുന്നത് എന്ന നിരീക്ഷണമാണ് ഉദ്യോഗസ്ഥർ നടത്തുന്നത്. ലീഗൽ മെട്രോളജി വകുപ്പും പൊതുവിതരണ സംവിധാനവും ശക്തിപ്പെട്ടതോടെ വിപണിയിലെ വിലക്കയറ്റം തടയാൻ സാധിച്ചു. അളവ്, തൂക്ക ഉപകരണങ്ങൾ കൃത്യമായി പതിക്കാത്തത് കുറ്റകരമാണ്. ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെ അവശ്യസാധനങ്ങൾ, പെട്രോൾ, ഡീസൽ, പാചക വാതകം അളവുകൾ, സ്വർണത്തിന്റെ പരിശുദ്ധി, ആശുപത്രികളിലെ വെയിംഗ് മെഷീൻ, ഓട്ടോറിക്ഷാ മീറ്ററുകൾ തുടങ്ങിയവയെല്ലാം കൃത്യത പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടത് ലീഗൽ മെട്രോളജി വകുപ്പിന്റെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു. പുതുതായി രൂപീകരിച്ച 14 താലൂക്കുകളിലും ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ ആഫീസുകൾ സർക്കാർ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഇടുക്കി താലൂക്കിലും കട്ടപ്പന വെള്ളയാംകുടി റോഡിൽ കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് എതിർവശത്ത് ഓഫീസ് പ്രവർത്തനമാരംഭിച്ചത്. ഇടുക്കി ഉടുമ്പൻചോല താലൂക്കിന്റെ ഭാഗമായിരുന്നപ്പോൾ ഇവിടെ പ്രവർത്തിച്ചിരുന്ന ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ ഓഫീസ് നെടുങ്കണ്ടത്തേക്ക് മാറ്റി. ഇതിന് പകരമായാണ് ഇടുക്കി താലൂക്കിന് ഇൻസ്‌പെക്ടർ ഓഫീസ് അനുവദിച്ചത്. യോഗത്തിൽ റോഷി അഗസ്റ്റിൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജോയ്‌സ് ജോർജ് എം.പി മുഖ്യാതിഥിയായിരുന്നു. ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ ആർ. രാം മോഹൻ, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട്, കട്ടപ്പന നഗരസഭാ ചെയർപേഴ്‌സൺ രാജമ്മ രാജൻ, കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റ് മാത്യു ജോർജ് എന്നിവർ സംസാരിച്ചു.