radhakrishnan
ബി.ജെ.പിയുടെ എറണാകുളം മേഖല പരിവർത്തനയാത്രയ്ക്ക് അടിമാലിയിൽ ലഭിച്ച സ്വീകരണത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ സംസാരിക്കുന്നു

അടിമാലി: കേരളത്തിലെ ഇടതുപക്ഷ സർക്കാർ വികസന വിരോധികളും കർഷക വിരുദ്ധരുമാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ പറഞ്ഞു. ബി.ജെ.പിയുടെ എറണാകുളം മേഖല പരിവർത്തനയാത്രയ്ക്ക് അടിമാലിയിൽ ലഭിച്ച സ്വീകരണം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ വികസനത്തിനായി കേന്ദ്രസർക്കാർ അനുവദിക്കുന്ന തുക ഇടതു സർക്കാർ കൃത്യമായി വിനിയോഗിക്കുന്നില്ല. ഫെഡറൽ വ്യവസ്ഥയിൽ പക്ഷപാതം ഇല്ലാതെയാണ് കേന്ദ്രസർക്കാർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാവിലെ 11നാണ് പരിവർത്തനയാത്രയുടെ ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രമായ അടിമാലിയിൽ ജാഥാ ക്യാപ്ടൻ എ.എൻ. രാധാകൃഷ്ണൻ എത്തിയത്. പ്രവർത്തകർ ചേർന്ന് ജാഥാക്യാപ്ടന് ഹാരാർപ്പണം നടത്തി. ബി.ജെ.പി ദേവികുളം നിയോജക മണ്ഡലം പ്രസിഡന്റ് വി.എൻ. സുരേഷ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബിനു ജെ. കൈമൾ, അഡ്വ. ജയസൂര്യൻ, അഡ്വ. പ്രകാശ് ബാബു, ശ്രീനഗരി രാജൻ എന്നിവർ സംസാരിച്ചു. അടിമാലിക്ക് പുറമെ തൂക്കുപാലം, നെടുംങ്കണ്ടം, കട്ടപ്പന, തൊടുപുഴ തുടങ്ങിയ കേന്ദ്രങ്ങളിലും പരിവർത്തന യാത്രയ്ക്ക് സ്വീകരണം നൽകി.