ഇടുക്കി: ശിശുസംരക്ഷണ കേന്ദ്രങ്ങളിൽ ജോലിചെയ്യുന്ന ഏതൊരു കഠിനഹൃദയനും കണ്ണുനിറയുന്നൊരു ദിവസമുണ്ട്. സ്ഥാപനത്തിലെ അന്തേവാസികളായ കുട്ടികളെ മദ്ധ്യവേനൽ അവധിക്കാലത്ത് ബന്ധുക്കളോടൊപ്പം വിട്ടയക്കുന്ന ദിവസം.

അന്ന് മിക്കവാറും എല്ലാ കുട്ടികളും രക്ഷിതാക്കളുടെ കൈപിടിച്ച് യാത്രപറഞ്ഞിറങ്ങുമ്പോൾ കൂട്ടിക്കൊണ്ടുപോകാൻ ആരുമെത്താത്തതിന്റെ വേദന ചുടുജലകണങ്ങളായി കവിളിലൂടെ ഒഴുക്കി നിർന്നിമേഷരായി നോക്കിനിൽക്കുന്ന കുറെ ഹതഭാഗ്യരുണ്ടാവും. ആ കാഴ്ചയിൽ കണ്ണുനിറയാത്തവരുണ്ടാവില്ല. ഇതുപോലെ നിരാലംബരാകുന്ന കുട്ടികൾക്കുവേണ്ടി ഈ വേനലവധിക്ക് കുടുംബത്തിന്റെ സ്‌നേഹത്തണലൊരുക്കുവാൻ കഴിയുന്നവരെ സ്വാഗതം ചെയ്യുകയാണ് ഇടുക്കി ജില്ലാ ശിശുസംരക്ഷണ യൂണിറ്റും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും. വെക്കേഷൻ ഫോസ്റ്റർ കെയർ (പോറ്റി വളർത്തൽ പദ്ധതി) എന്നൊരു പദ്ധതിയും അതിനുവേണ്ടി ആവിഷ്കരിച്ചിട്ടുണ്ട്. സ്വന്തം കുടുംബങ്ങളിൽ വളരുവാൻ സാഹചര്യമില്ലാത്ത കുട്ടികൾക്ക് ചെറിയ കാലത്തേക്കെങ്കിലും കുടുംബാന്തരീക്ഷം നൽകുന്നതിന് സാഹചര്യമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം

ശിശുസംരക്ഷണ സ്ഥാപനങ്ങളിൽ കഴിയുന്ന കുട്ടികളെ വേനൽ അവധിക്കാലത്ത് വീട്ടിൽ കൊണ്ടുപോയി സംരക്ഷിച്ചു പോറ്റി വളർത്തുവാൻ താത്പര്യമുള്ളവർക്ക് പദ്ധതിപ്രകാരം അപേക്ഷ സമർപ്പിക്കാം. പല കാരണങ്ങൾ കൊണ്ട് സാമൂഹിക ജീവിതം നഷ്ടപ്പെടുകയും ദീർഘകാലമായി ശിശു സംരക്ഷണ സ്ഥാപനങ്ങളിലും മറ്റും കഴിയുകയും ചെയ്യുന്ന കുട്ടികൾക്ക് കുടുംബ സാമൂഹ്യ ജീവിതം ലഭ്യമാക്കാം. കുടുംബാന്തരീക്ഷം നൽകുകവഴി കുട്ടികളിൽ കൂടുതൽ സാമൂഹ്യബോധം ഉറപ്പാക്കാൻ പരിശ്രമിക്കാം.
കുട്ടികളില്ലാത്ത ദമ്പതിമാർക്കും കുട്ടികളുള്ള മാതാപിതാക്കൾക്കും അപേക്ഷിക്കാം. ഒന്നിലധികം കുട്ടികളെ സംരക്ഷിക്കുവാൻ സന്നദ്ധരായവർക്ക് മുൻഗണനയുണ്ട്. കുടുംബാംഗങ്ങൾക്ക് കൗൺസിലിംഗും കുട്ടികളുമായി കൂടിക്കാഴ്ചയുമുണ്ടാകും. താത്ക്കാലിക സംരക്ഷണ സംവിധാനമാണിത്. കുട്ടികളെ സ്വീകരിക്കുവാൻ സന്നദ്ധതയും പ്രാപ്തിയുമുള്ള ദമ്പതികളാവണം അപേക്ഷകർ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 20. അപേക്ഷാഫോമിനും അനുബന്ധ വിവരങ്ങൾക്കും നേരിട്ടോ ഫോൺ മുഖേനയോ ബന്ധപ്പെടാം വിലാസം. ജില്ലാ ശിശുസംരക്ഷണ ഓഫീസർ ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, വെങ്ങല്ലൂർ പി.ഒ, ഇടുക്കി, തൊടുപുഴ 685608, ഫോൺ 04862200108, 9744167198.