തൊടുപുഴ: കട്ടപ്പന മണ്ഡലത്തിലെ സംഘടനാ വിരുദ്ധപ്രവർത്തനങ്ങളുടെ പേരിൽ സസ്‌പെൻഷൻ നടപടിയെടുത്ത രാജീവ്, സന്തോഷ് എന്നിവർ സസ്‌പെൻഷനിലായിരിക്കെ തന്നെ പരസ്യപ്രസ്താവന നടത്തിയതിനാൽ പ്രാഥമിക അംഗത്വത്തിൽ നിന്നും ഇവരെ പുറത്താക്കിയതായി ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ. സസ്‌പെൻഷനിലായിരുന്നെങ്കിൽ 14 ദിവസം

മുതൽ 6 മാസം വരെയായിരുന്നു പാർട്ടിക്കു പുറത്തു നിൽക്കേണ്ടി വരിക. പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയാൽ ആറ് വർഷത്തേയ്ക്കാണ് നടപടി. ഇവരെ പാർട്ടിയുടെയും പോഷകസംഘടനകളുടെയും എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്തു. ജില്ലയിൽ സസ്‌പെൻഷൻ നടപടിയ്ക്ക് വിധേയരായിരുന്ന അഞ്ച് പേരൊഴികെ എല്ലാവരെയും തിരികെ എടുത്തിട്ടുണ്ട്. പാർലമെന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോൾ അച്ചടക്കലംഘനം ഏതു ഭാഗത്ത് നിന്നുണ്ടായാലും കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് അച്ചടക്ക നടപടിയ്ക്ക് വിധേയരായിരുന്നവർ വീണ്ടും സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയാൽ പോസ്റ്റർ വച്ച് പുറത്താക്കും. അവർ നടത്തിയ സംഘടനാ വിരുദ്ധ പ്രവർത്തനം എന്തെന്നും പരസ്യമാക്കും. പരസ്യപ്രസ്താവന കെ.പി.സി.സി കർശനമായി നിരോധിച്ചിട്ടുണ്ട്. നാഥനില്ലാ വാർത്തകൾ വന്നാൽ വാർത്തയുടെ ഉറവിടം അന്വേഷിച്ച് കണ്ടെത്തി നടപടി സ്വീകരിക്കുമെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.