തൊടുപുഴ: കാരിക്കോട് ജില്ലാ ആയുർവേദ ആശുപത്രിയുടെ പുതിയ പേ വാർഡ് ബ്ലോക്കിന്റെ ഉദ്ഘാടനം പി.ജെ. ജോസഫ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ മന്ത്രി എം.എം. മണി നിർവഹിച്ചു. അന്യ സംസ്ഥാനങ്ങളിൽ നിന്നുപോലും രോഗികൾ ചികിത്സ തേടി ജില്ലാ ആയുർവേദ ആശുപത്രിയിൽ എത്തുന്നത് ഇവിടത്തെ ആയുർവേദ ചികിത്സയുടെ പ്രാധാന്യം കാരണമാണ്. ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു സർക്കാർ ആശുപത്രിയിൽ രണ്ട് ഫാർമസികൾ പ്രവർത്തിക്കുന്നത്. അത് അഭിമാനിക്കാവുന്ന ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ പേ വാർഡ് കെട്ടിടത്തിൽ 10 പേ വാർഡ്, രണ്ട് ഡോർമെറ്ററി, രണ്ട് ട്രീറ്റ്‌മെന്റ് റൂം, ഒരു മിനി ഓപ്പറേഷൻ തീയേറ്റർ, ക്ഷാര സൂത്ര തീയേറ്റർ, ഫിസിയോ തെറാപ്പി യൂണിറ്റ്, ക്ലിനിക്കൽ ലാബ് തുടങ്ങിയ സൗകര്യങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. കൂടാതെ കേരളത്തിലെ ഒരു സർക്കാർ ആശുപത്രിയിൽ ആദ്യമായിട്ടാണ് 2 ഫാർമസി സംവിധാനം ജില്ലാ ആശുപത്രിയിൽ പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. നേത്ര രോഗ വിഭാഗം, മർമ്മ വിഭാഗം, വിഷചികിത്സ വിഭാഗം, പഞ്ചകർമ്മ വിഭാഗം, സ്‌പോർട്‌സ് വിഭാഗം, സ്ത്രീ രോഗവിഭാഗം, മാനസിക രോഗവിഭാഗം, ക്ഷാരസൂത്ര വിഭാഗം, സിദ്ധ വിഭാഗം എന്നിവയാണ് ആശുപത്രിയിൽ നിലവിൽ ഉള്ളത്. ജില്ലാ പഞ്ചായത്ത് ആയുർവേദ ആശുപത്രിക്കായി അനുവദിച്ച ഒരു കോടി രൂപ മുതൽമുടക്കി നിർമിക്കുന്ന വനിതാ വാർഡിന്റെ നിർമാണം അവസാനഘട്ടത്തിലാണ്. 30 രോഗികളെ കിടത്തി ചികത്സിക്കാനും യോഗ ട്രെയിനിംഗ്, തെറാപ്പി എന്നിവയ്ക്കായി പ്രത്യേക സൗകര്യവും ഇവിടെ ലഭ്യമാകും. കൂടാതെ മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ അനുവദിച്ചതിലൂടെ ആധുനിക സീവേജ് മാലിന്യ സംസ്‌കരണ പ്ലാന്റും തയ്യാറാവുകയാണ്. പി.ജെ. ജോസഫിന്റെ എം.എൽ.എ ഫണ്ടിൽ നിന്ന് രണ്ട് കോടി രൂപ ചെലവഴിച്ച് കുട്ടികളുടെ ചികിത്സക്കായി പുതിയ കെട്ടിട നിർമാണം ഉടൻ പ്രവർത്തനമാരംഭിക്കുകയാണ്. ഇടുക്കി ജില്ലാ ഐ.എസ്.എം ഡി.എം.ഒ ഡോക്ടർ റോബർട്ട് രാജ്, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോൺ, തൊടുപുഴ മുനിസിപ്പൽ ചെയർപേഴ്‌സൻ ജെസി ആന്റണി, ജില്ലാ പഞ്ചായത്ത് മെമ്പർ മനോജ് കുമാർ എൻ.ടി, മുനിസിപ്പൽ കൗൺസിലർ ഷാഹുൽ ഹമീദ്, എം.ജെ. ജേക്കബ്, വി.വി. മത്തായി, സി.എസ്. മഹേഷ്, പി.പി. ജോയി, ജിതേഷ് സി തുടങ്ങിയവർ പങ്കെടുത്തു.