tar-mixing
ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ നടന്ന ധർണ

പീരുമേട്: ടാർ ഹോട്ട് മിക്‌സിംഗ് പ്ലാന്റ് ജനവാസ മേഖലയിൽ സ്ഥാപിക്കാൻ പഞ്ചായത്ത് അനുമതി കൊടുത്തത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിൽ പഞ്ചായത്ത് ഓഫീസിന് മുമ്പിലേക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി. സ്ത്രീകളും കുട്ടികളും പുരുഷൻമാരുമടക്കം നിരവധി പേർ പ്രതിഷേധത്തിൽ പങ്കെടുത്തു. കുട്ടിക്കാനം- കട്ടപ്പന സംസ്ഥാന പാതയിൽ കുട്ടിക്കാനം ആഷ്‌ലി കവലയ്ക്ക് സമീപത്താണ് സ്വകാര്യ തോട്ടത്തിലെ രണ്ട് ഏക്കർ ഭൂമി മുറിച്ച് വിൽപ്പന നടത്തി ടാർ മിക്‌സിംഗ് പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനം സജീവമായി നടക്കുന്നത്. ടാറിംഗ് പ്ലാന്റ് സ്ഥാപിക്കുന്നതിനായി തേയില ചെടികൾ പിഴുതുമാറ്റിയും വ്യാപകമായി മണ്ണെടുത്തുമാണ് നിർമ്മാണം നടക്കുന്നത്. ദേശീയ പാത നിർമ്മാണത്തിന്റെ പേരിലാണ് റവന്യൂ വകുപ്പിന്റെ അനുമതി നേടിയിരിക്കുന്നത്. ടാർ മിക്‌സിംഗ് പ്ലാന്റ് പ്രവർത്തിക്കാൻ തുടങ്ങിയാൽ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങൾ കുട്ടിക്കാനത്തിന്റെ തനിമയെ നശിപ്പിക്കുമെന്നും നാട്ടുകാർ ആശങ്കപ്പെടുന്നു. ഇതെല്ലാം മറികടന്നാണ് ടാർ മിക്‌സിംഗ് പ്ലാന്റ് സ്ഥാപിക്കാനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ സജീവമായി നടക്കുന്നത്. നിയമം മറികടന്ന് സ്വകാര്യ വ്യക്തിക്ക് ഭൂമി നൽകിയതിൽ ദുരൂഹതയുണ്ടെന്നും സംഭവത്തിൽ അന്വേഷണം വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. പ്ലാന്റ് സ്ഥാപിക്കാനായി റോഡ് പണിയുകയും അറുന്നൂറിലേറെ തേയിലച്ചെടികൾ പിഴുതുമാറ്റുകയും മണ്ണെടുക്കുകയും ചെയ്തിട്ടുണ്ട്. പ്ലാന്റ് സ്ഥാപിക്കുന്നതിന് പഞ്ചായത്ത് അനുമതി നൽകിയതിൽ ദുരൂഹതയുള്ളതായാണ് നാട്ടുകാരുടെ പ്രധാന ആരോപണം. ഇതിൽ പ്രതിഷേധിച്ചും നിർമ്മാണം നിറുത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ടുമാണ് സമരം പഞ്ചായത്ത് ഓഫീസിലേക്ക് നടത്താൻ ആക്ഷൻ കൗൺസിൽ തീരുമാനിച്ചതും പ്രതിഷേധ പരിപാടി സംഘടിപ്പിച്ചതും. മാർച്ച് പഞ്ചായത്ത് ഓഫീസിനു സമീപത്ത് പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ യോഗം ആക്ഷൻ കൗൺസിൽ രക്ഷാധികാരി വി.വി. ജോസഫ് ഉദ്ഘാടനം ചെയ്തു. കൺവീനർ ജോയി മാത്യു അദ്ധ്യക്ഷനായിരുന്നു. അജേഷ്. പി. ജോസഫ്, മനോജ് രാജൻ, ലെനു പീറ്റർ, ഒ.ജെ. അലക്‌സ്, എസ്. പ്രവീണ, വിനോദ് ബാബു, സി.കെ.രാജൻ, അലക്‌സ്, അനുമോൻ, സി.തങ്കമ്മ എന്നിവർ സംസാരിച്ചു.