മറയൂർ: മറയൂർ പഞ്ചായത്തിലെ നാലാം വാർഡിൽപെട്ട സംരക്ഷിത പുരാവസ്തു മേഖലയിൽ കാട്ടു തീ. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് തീപടർന്നത്. ചരിത്ര പ്രധാനമായ മുനിയറകളും ഗുഹാചിത്രങ്ങളുമുള്ള പ്രദേശമാണ് തീയിൽ മുങ്ങിയത്. നൂറിലധികം ഏക്കറിലെ പുൽമേടുകളും കത്തിനശിച്ചു. ആൾ താമസമുള്ള നിരവധി വീടുകൾക്ക് ചുറ്റും തീ ആളിപ്പടർന്നെങ്കിലും ആളപായം ഒന്നുമുണ്ടായില്ല. പരിസരത്ത് ഉണ്ടായിരുന്ന കന്നുകാലികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതിനാൽ അപകടം ഒന്നുമുണ്ടായില്ല. വേനൽ കടുത്തതോടെ ഈ മേഖലയിൽ തീ വ്യാപകമായി പടരുന്നത് തുടർകഥയാവുകയാണ്. 252 കുടുംബംഗങ്ങൾക്ക് ഒന്നര ഏക്കർ വീതം സ്ഥലമാണ് ഇവിടെയുള്ളത്. ആൾ താമസമില്ലാത്ത വീടുകളുടെ പരിസരം കാടുപിടിച്ച് കിടക്കുകയാണ്. ഇവയെല്ലാം തീയിൽ കത്തിയമർന്നു. പരിസരവാസികൾ തീ പടരുന്നത് തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും രാത്രിയും തീ നിയന്ത്രണ വിധേയമായിട്ടില്ല. സാമുഹ്യ വിരുദ്ധരായിരിക്കാം തീയിട്ടതെന്നാണ് പ്രാഥമിക നിഗമനം.