ratheesh
രതീഷ്

പീരുമേട്: സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ നിന്ന് വായ്പ വാങ്ങി തരാമെന്ന വാഗ്ദാനം നൽകി വീട്ടമ്മമാരിൽ നിന്ന് പണവും രേഖകളും തട്ടിയ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. വണ്ടിപ്പെരിയാർ മഞ്ചുമല പഴയകാട് വഴിയമ്പലത്തിൽ വീട്ടിൽ രതീഷ് ഗോപാലനെയാണ് (29) പീരുമേട് എസ്.ഐ ആർ. രാജേഷും സംഘവും പിടികൂടിയത്. പീരുമേട് സ്വദേശികളായ മൂന്നു വീട്ടമ്മമാരിൽ നിന്ന് മാത്രമായി അര ലക്ഷം രൂപയോളം തട്ടിയെടുത്തതായും വായ്പ വാങ്ങി തരാമെന്ന പേരിൽ ഇവരിൽ നിന്നും പണവും അനുബന്ധ രേഖകളും കൈക്കലാക്കിയെന്നുമാണ് വീട്ടമ്മമാർ നൽകിയ പരാതിയിൽ പറയുന്നത്. പണം നൽകിയവർ വായ്പയ്ക്കായി ഇയാളെ സമീപിക്കുമ്പോൾ സ്ഥാപന നടത്തിപ്പുകാർ അവധിയിലാണെന്നും ഓഫീസിൽ ആളില്ലെന്നും മറ്റും പറഞ്ഞാണ് തട്ടിപ്പ് നടത്തുന്നത്. നിരവധി തവണ ആളുകൾ ഇയാളെ സമീപിച്ചെങ്കിലും പണം ലഭിക്കാതെ വന്നതോടെയാണ് പൊലീസിനെ സമീപിച്ചത്. തുടർന്ന് വായ്പാ ആവശ്യക്കാർ എന്ന നിലയിൽ ഇയാളെ സമീപിച്ചു തന്ത്രപരമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.