മൂന്നാർ: ലോക വനിതാ ദിനത്തോടനുബന്ധിച്ച് മൂന്നാർ ഫോഗ് റിസോർട്ടിൽ നടന്ന ചടങ്ങിൽ മൂന്നാർ പ്രദേശത്ത് വിവിധ മേഖലയിൽ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള വനിതകളെ ആദരിച്ചു. റിസോർട്ടിൽ എല്ലാവർഷവും നടത്തി വരാറുള്ള വനിതാ ദിന ആഘോഷങ്ങളുടെ ഭാഗമായാണ് ആദരിക്കൽ നടന്നത്. ടാറ്റയുടെ സൃഷ്ടി ചാരിറ്റബിൾ ട്രസ്റ്റിലെ അരണ്യ നാച്ചുറൽ ഡയിംഗ് യൂണിറ്റ് പ്രോഗ്രാം കോ-ഓഡിനേറ്റർ വിക്ടോറിയ വിജയകുമാർ, ആഗോള തലത്തിൽ പ്രസക്തി നേടിയ പാചക കലയിലെ നിരവധി ബുക്കുകളുടെ രചയിതാവും ഗോർമാൻഡ് വേൾഡ് കുക്ക് ബുക്ക് അവാർഡ് ജേതാവുമായ നിമ്മി സുനിൽ കുമാർ, സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് സിസ്റ്റർ: ആനിയമ്മ ജോസഫ്, നോവലിസ്റ്റ് ഉഷാകുമാരി, തലമുറകൾക്ക് ആദ്യാക്ഷരം പകർന്നു കൊടുത്ത നിലത്തെഴുത്ത് ആശാട്ടി റോസമ്മ ഇത്തമ്മ, ചിത്തിരപുരം പി.എച്ച്.സി പാലിയേറ്റീവ് കെയർ നഴ്‌സ് സാലി സജി എന്നിവരെയാണ് ആദരിച്ചത്. ചടങ്ങിന്റെ അദ്ധ്യക്ഷനായിരുന്ന റിസോർട്ട് ജനറൽ മാനേജർ വിമൽറോയ് വനിതാ ദിന സന്ദേശം നൽകി. ജെ.സി.ഐ ആനച്ചാൽ പ്രസിഡന്റ് ഇ.കെ. ബാബു, പരിസ്ഥിതി പ്രവർത്തകൻ മോനിച്ചൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.