തൊടുപുഴ: ഹരിജൻ കുടുംബങ്ങളുടെ വീട് മെയിന്റനൻസ് ഫണ്ട് തടഞ്ഞ് വയ്ക്കുന്നതായി ആരോപിച്ച് കുമാരമംഗലം പഞ്ചായത്ത് എ.ഇയെ ഉപഭോക്താക്കളും സി.പി.എം- സി.പി.ഐ പ്രവർത്തകരും ചേർന്ന് തടഞ്ഞ് വച്ചു. കുമാരമംഗലം പഞ്ചായത്തിലെ അഞ്ചാം വാർഡിലെ ഹരിജനും വിധവയുമായ സരോജനിയുടെയും മധു കെ.കെയുടെയും വീട് മെയിന്റനൻസ് ഫണ്ട് പാസാക്കി നൽകാൻ എ.ഇ വിമുഖത കാട്ടിയതിൽ പ്രതിഷേധിച്ചായിരുന്നു പ്രതിഷേധം. നിരന്തരം കയറിയിറങ്ങിയിട്ടും പഞ്ചായത്ത് പ്രസിഡന്റടക്കം ശുപാർശ ചെയ്തിട്ടും എ.ഇ നിർമാണം പൂർത്തിയാക്കിയ വീടുകളുടെ വാല്യുവേഷൻ നടത്താൻ തയ്യാറായില്ല. വാർഡ് മെമ്പറായ ബെന്നി മാടവനയും ഉദ്യോഗസ്ഥന്റെ നടപടിയിൽ പ്രതിഷേധമറിയിച്ചിരുന്നു. ഇന്നലെ രാവിലെ ഈ രണ്ടു അപേക്ഷകരും വാല്യുവേഷൻ പൂർത്തിയാക്കുന്നതിനായി ഓഫീസിലെത്തിയെങ്കിലും എ.ഇ സ്ഥലത്തില്ലായിരുന്നു. മുതിർന്ന ഉദ്യോഗസ്ഥനായ അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ മുമ്പാകെ ഇവർ വിവരം ധരിപ്പിച്ചതിനെ തുടർന്ന് ഓവർസീയറോട് വാല്യുവേഷൻ നടത്താൻ അദ്ദേഹം നിർദേശം നൽകി. തുടർന്ന് ഓവർസിയർ വാല്യുവേഷൻ നടത്തിയ റിപ്പോർട്ട് ഒപ്പിട്ട് നൽകാൻ ഉച്ചകഴിഞ്ഞ് രണ്ടോടെ എത്തിയ എ.ഇ തയ്യാറായില്ല. എല്ലാ വീടുകളുടെയും ഒരുമിച്ച് ഒപ്പിടാമെന്ന നിലപാടിലായിരുന്നു അദ്ദേഹം. ഇതെതുടർന്നാണ് എ.ഇയെ ഉപരോധിച്ചത്. തൊടുപുഴ എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി എക്‌സിക്യൂട്ടിവ് എൻജിനീയർ, പഞ്ചായത്ത് പ്രസിഡന്റ് പ്രതിഷേധക്കാർ എന്നിവരുമായി ചർച്ച നടത്തി. തിങ്കളാഴ്ച പ്രശ്‌നം പൂർണമായും പരിഹരിക്കാമെന്ന ഉറപ്പിൽ പിരിയുകയായിരുന്നു. പ്രതിഷേധത്തിൽ സി.പി.ഐ ജില്ലാ കമ്മറ്റിയംഗം വി.ആർ പ്രമോദ്, ലോക്കൽ സെക്രട്ടറി പി.എസ് സുരേഷ്, തോമസ് മാത്യൂ, സരോജിനി, ശാന്ത എന്നിവർ പങ്കെടുത്തു.

കടബാദ്ധ്യത

എസ്.ടി വീട് മെയിന്റനൻസിനായി ഒരു ലക്ഷം രൂപയാണ് അനുവദിക്കുന്നത്. ഇതിൽ 50,000 രൂപ ആദ്യഘട്ടത്തിലും ബാക്കി 50,000 നിർമാണം പൂർത്തിയാക്കിയ ശേഷവുമാണ് നൽകുക. കടം വാങ്ങി നിർമാണം പൂർത്തിയാക്കിയ ഉപഭോക്താക്കൾക്ക് രണ്ടാം ഗഡു വേഗത്തിൽ കിട്ടിയാൽ മാത്രമെ ഈ കടബാധ്യതയിൽ നിന്ന് ഒഴിയാനാവൂ.