തൊടുപുഴ: തൊടുപുഴ നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള ഒമ്പത് റോഡുകളുടെ നിർമ്മാണം ഏറ്റെടുക്കാൻ കരാറുകാർ തയ്യാറാകുന്നില്ല. എസ്റ്റിമേറ്റ് തുക കുറവായതിനാലാണ് കരാറുകാർ പണി ഏറ്റെടുക്കാൻ മടിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് രണ്ടും മൂന്നും തവണ ടെണ്ടർ ക്ഷണിച്ചെങ്കിലും കരാറുകാർ ആരും തന്നെ മുന്നോട്ട് വന്നില്ല. ഇതോടെ പ്രളയത്തിൽ തകർന്ന റോഡുകളടക്കമുള്ളവയുടെ നിർമ്മാണം അനിശ്ചിതത്വത്തിലായി. ഏഴും എട്ടും വർഷങ്ങളായി തകർന്ന് കിടക്കുന്നവയും ഒമ്പത് റോഡുകളുടെ കൂട്ടത്തിലുണ്ട്. റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് മെമ്പർ മുതൽ മന്ത്രി വരെയുള്ളവർക്ക് നാട്ടുകാർ നിവേദനങ്ങളും പരാതികളും നൽകിയതിന്റെ ഫലമായാണ് സർക്കാർ ഫണ്ട് അനുവദിച്ചത്. സ്കൂൾ വിദ്യാർത്ഥികളടക്കം അധികാരികൾക്ക് നിവേദനങ്ങൾ നൽകിയ കൂട്ടത്തിലുണ്ട്. നാട്ടുകാർ വഴി തടയലും ധർണയും ഉൾപ്പടെയുള്ള സമരങ്ങളിലൂടെ ഫണ്ട് നേടിയെടുത്ത റോഡുകളുമുണ്ട്. ചിലയിടങ്ങളിൽ റോഡിന് മാത്രമായാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. മറ്റ് ചിലത് റോഡിനൊപ്പം ഓടകളുടെയും കലുങ്കിന്റെയും പാലത്തിന്റെയും നിർമ്മാണത്തിനും അറ്റകുറ്റ പണികൾക്കുമുള്ള തുകയാണ് അനുവദിച്ചിരിക്കുന്നത്. കാത്തിരിപ്പിനൊടുവിൽ സർക്കാർ ഫണ്ട് ലഭ്യമാക്കിയിട്ടും നിർമ്മാണം ഏറ്റെടുക്കാൻ കരാറുകാർ മുന്നോട്ട് വരാത്തതിൽ ജനം ആശങ്കയിലാണ്.

ഏറ്റെടുക്കാത്ത റോഡുകൾ​ ഇവ ദൂരം ഫണ്ട്

മുട്ടം- കുരിശുപള്ളി- പഴയമറ്റം മൂന്ന് കി.മീ 25 ലക്ഷം

കരിങ്കുന്നം - കോയിപ്ര - കൊടികുത്തി രണ്ട് കി.മീ 20 ലക്ഷം

വെള്ളിയാമറ്റം - പൂച്ചപ്ര - കുരുതിക്കളം ആറ് കി.മീ 25 ലക്ഷം

നെയ്യശ്ശേരി - തൊമ്മൻകുത്ത് 22 കി.മീ 20 ലക്ഷം

ഉപ്പുകുന്ന് - പാറമട ആറ് കി.മീ 25 ലക്ഷം

വെസ്റ്റ് കോടിക്കുളം - പരിയാരം 13 കി.മീ 25 ലക്ഷം

പെരുങ്കുന്ന് - കരിങ്കുന്നം എട്ട് കി.മീ എട്ട് ലക്ഷം

ചീനിക്കുഴി - പള്ളിത്താഴം 25 കി.മീ 20 ലക്ഷം

ചീനിക്കുഴി- പാറമട അഞ്ച് കി.മീ 20 ലക്ഷം

മുതലാവില്ലെന്ന് കരാറുകാർ

നിർമ്മാണത്തിന് വേണ്ടി അനുവദിച്ചിരിക്കുന്ന ഫണ്ട് തീരെകുറവാണെന്നാണ് കരാറുകാർ പറയുന്നത്. നിർമ്മാണം ഏറ്റെടുത്താൽ വൻസാമ്പത്തിക ബാധ്യതയുണ്ടാവും. സാധന സാമഗ്രികളുടെ വിലയിലുണ്ടായ വർദ്ധന താങ്ങാവുന്നതിലുമപ്പുറമാണ്. അധിക ഫണ്ട് അനുവദിക്കുകയോ റീ എസ്റ്റിമേറ്റെടുക്കുകയോ ചെയ്താൽ നിർമ്മാണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് ഇവർ പറയുന്നു.