road
തകർന്ന അടിമാലി- കല്ലാറുകുട്ടി- നായ്ക്കുന്ന് റോഡ് (ഫയർ ചിത്രം)

അടിമാലി: കഴിഞ്ഞ പ്രളയത്തിൽ തകർന്ന അടിമാലി- കല്ലാറുകുട്ടി നായ്ക്കുന്ന് റോഡ് പുനർനിർമ്മിക്കാൻ ഇനിയും നടപടിയില്ല. കഴിഞ്ഞ ആഗസ്റ്റ് 16ന് പെയ്ത കനത്ത മഴയത്തായിരുന്നു കല്ലാറുകുട്ടി നായ്ക്കുന്ന് റോഡിലെ എസ്.എൻ പടി ഭാഗം ഒലിച്ച് പോയത്. പാതയുടെ വശമിടിഞ്ഞ് കൊക്ക രൂപപ്പെട്ടതോടെ ഇതുവഴിയുള്ള ഗതാഗതം പാടെ താറുമാറായി. വശമിടിഞ്ഞ് പാതയുടെ വിസ്താരം നഷ്ടപ്പെട്ടതോടെ ആട്ടോറിക്ഷകൾ മാത്രമാണ് ഇപ്പോൾ ഇതുവഴി സർവീസ് നടത്തുന്നത്. ഒലിച്ച് പോയ ഭാഗത്ത് കൽക്കെട്ട് തീർത്താൽ മാത്രമേ ഗതാഗതം പഴയപടിയാക്കാനാകൂ. ഇതിന് ഒരു കോടി രൂപയെങ്കിലും ഫണ്ട് അനുവദിക്കേണ്ടതായി വരും. ആറ് മാസങ്ങൾ കഴിഞ്ഞിട്ടും റോഡിന്റെ പുനർനിർമ്മാണം ആരംഭിക്കാത്ത സാഹചര്യത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. തങ്ങൾക്ക് പുറം ലോകവുമായി ബന്ധപ്പെടാനുള്ള എളുപ്പ വഴിയാണ് പുനർനിർമ്മാണം കാത്ത് കിടക്കുന്നതെന്നും നിർമ്മാണ ജോലികൾ വൈകിയാൽ പ്രത്യക്ഷ സമരവുമായി രംഗത്തു വരുമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകി. അടിയന്തരമായി പുതിയ കൽക്കെട്ട് തീർത്തില്ലെങ്കിൽ ശേഷിക്കുന്ന പാതകൂടി ഇടിഞ്ഞ് പോകുമെന്നും പരിസരവാസികൾ പറയുന്നു. നായിക്കുന്ന ഭാഗത്തേക്കുള്ള സ്‌കൂൾ ബസുകളുടെ അടക്കം സർവ്വീസ് നിലച്ചിരിക്കുന്ന സാഹചര്യത്തിൽ റോഡിന്റെ പുനർനിർമ്മാണം വേഗത്തിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.