അടിമാലി: കല്ലാറുകുട്ടി അണക്കെട്ടിന്റെ ഇരുകരകളിലുമുള്ളവർക്ക് പട്ടയം നൽകുന്നതിന് തടസങ്ങളില്ലെന്ന് വൈദ്യുതി മന്ത്രി എം.എം. മണി പറഞ്ഞു. കല്ലാറുകുട്ടി ജലാശയത്തിൽ ആരംഭിച്ച ബോട്ട് സർവീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വൈദ്യുതി വകുപ്പ് ഹൈഡൽ ടൂറിസത്തിന്റെയും മുതിരപ്പുഴ ടൂറിസം ഡവലപ്പ്‌മെന്റ് ആൻഡ് കൾച്ചറൽ സെന്ററിന്റെയും സംയുക്ത സഹകരണത്തിലാണ് കല്ലാറുകുട്ടി അണക്കെട്ടിൽ ബോട്ട് സർവ്വീസാരംഭിച്ചത്. ആദ്യഘട്ടത്തിൽ കുട്ടവഞ്ചി, പെഡൽ ബോട്ട്, ഫൈബർ വള്ളം തുടങ്ങിയവയ ജലാശയത്തിൽ സർവ്വീസിനായി എത്തിച്ചിട്ടുണ്ട്. ബോട്ട് സർവീസിന് പുറമെ അണക്കെട്ടിന് സമീപത്തെ വ്യൂ പോയിന്റുകളെ ബന്ധിപ്പിച്ച് ഫാം ടൂറിസം, ട്രക്കിംഗ്, അഡ്വഞ്ചർ ടൂറിസം തുടങ്ങിയവയും നടപ്പാക്കും. കൊന്നത്തടി പഞ്ചായത്തിന്റെ വിനോദ സഞ്ചാര സാധ്യതകളെ പൂർണമായി വിനിയോഗിക്കും വിധമാണ് അണക്കെട്ടുമായി ബന്ധപ്പെട്ടുള്ള ടൂറിസം പദ്ധതികൾക്ക് രൂപം നൽകിയിട്ടുള്ളത്. ഒരു വർഷം മുമ്പ് ബോട്ട് സർവീസിനായുള്ള അനുബന്ധ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ സർവീസാരംഭിക്കുന്നത് നീണ്ടു പോകുകയായിരുന്നു. ബോട്ട് സർവീസിന്റെ ഉദ്ഘാടനത്തോടെ കല്ലാറുകുട്ടി നിവാസികളുടെ ദീർഘനാളായുള്ള കാത്തിരിപ്പിനും വിരാമമായി. റോഷി അഗസ്റ്റിൻ എം.എൽ.എ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.