തൊടുപുഴ: ഭിന്നശേഷിക്കാരായ കലാപ്രതിഭകളെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൈപിടിച്ചുയർത്തുന്നതിന് തൊടുപുഴ നഗരസഭ നടത്തിയ ഏകദിന ഭിന്നശേഷി കലോത്സവം തൊടുപുഴ ലയൺസ് ക്ലബ് ഹാളിൽ ചെയർപേഴ്സൺ ജെസി ആന്റണി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. ഹരി അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ സി.കെ. ജാഫർ, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റിനി ജോഷി, മരാമത്ത്കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുമമോൾ സ്റ്റീഫൻ, മുനിസിപ്പൽ സെക്രട്ടറി രാജശ്രീ പി നായർ, പ്രതീക്ഷാ ഭവൻ പ്രിൻസിപ്പൽ സിസ്റ്റർ സാലി, സുദർശനം സ്‌കൂൾ പ്രിൻസിപ്പൽ സജിത്കുമാർ പി, പരിവാർ സംസ്ഥാന പ്രസിഡന്റ് ജോസ് അഗസ്റ്റിൻ, ഐ.സി.ഡി.എസ് ഗ്രൂപ്പ് ലീഡർ അംബിക എന്നിവർ പ്രസംഗിച്ചു. ദേശീയ ബധിര കായികമേളയിൽ സ്വർണം നേടിയ സംസ്ഥാന വോളിബോൾ ടീമംഗം സിൽജു തോമസ് കാലാപ്പിള്ളിൽ, അന്തർദേശീയ പവർലിഫ്‌റ്റിംഗ് ചാമ്പ്യൻഷിപ്പിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട എം.എസ്. വിഷ്ണു, ദേശീയ സ്‌പെഷ്യൽ ഗെയിംസിൽ അത്‌ലറ്റിക്സിൽ രണ്ടിനങ്ങളിൽ സ്വർണ്ണ മെഡൽ നേടിയ അലീന മാത്യു തുടങ്ങിയ പ്രതിഭകളെ കലോത്സവത്തിൽ ആദരിച്ചു.