തൊടുപുഴ: ഇടുക്കി പ്രസ് ക്ലബിന്റെ ഈ വർഷത്തെ കെ.പി. ഗോപിനാഥ് മാധ്യമ പുരസ്‌കാരം ന്യൂസ് 18 ചാനൽ തൃശ്ശൂർ സീനിയർ റിപ്പോർട്ടർ സുവി വിശ്വനാഥിന്. 10,000 രൂപയും ഫലകവും അടങ്ങുന്ന അവാർഡ് 11ന് രാവിലെ 11.30 ന് തൊടുപുഴ പ്രസ് ക്ലബ് ഹാളിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ ജോയ്സ് ജോർജ് എം.പി വിതരണം ചെയ്യുമെന്ന് പ്രസ് ക്ലബ് പ്രസിഡന്റ് അഷ്റഫ് വട്ടപ്പാറ, സെക്രട്ടറി എം.എൻ. സുരേഷ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചടങ്ങിൽ കെ.യു.ഡബ്ള്യു ജെ സംസ്ഥാന ജനറൽ സെക്രട്ടറി സി. നാരായണൻ പങ്കെടുക്കും. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ സംപ്രേക്ഷണം ചെയ്ത 'തോൽക്കാത്ത പങ്കജാക്ഷിയും സുഭദ്രയും' എന്ന വാർത്തയാണ് അവാർഡിന് അർഹമായത്. ജോർജ് പുളിക്കൻ, ആന്റണി മുനിയറ, രതി കുറുപ്പ് എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് നിർണയിച്ചത്. പത്ത് വർഷം മുമ്പ് ജീവൻ ടി.വിയിൽ ജേണലിസ്റ്റ് ട്രെയിനിയായാണ് സുവി മാധ്യമപ്രവർത്തനം ആരംഭിച്ചത്. പിന്നീട് ഇന്ത്യാവിഷനിലും പ്രവർത്തിച്ചു. പ്രളയത്തിന് പുറമെ ഐ.എസ്.ഐ.റിക്രൂട്ട്‌മെന്റ്, മുനമ്പം മനുഷ്യക്കടത്ത്, കൊച്ചി മെട്രോ തുടങ്ങിയ വിഷയങ്ങളിലുള്ള റിപ്പോർട്ടിംഗ് ഏറെ ശ്രദ്ധിക്കപ്പെട്ടു. മഞ്ചേരിയാണ് സ്വദേശം. ഭർത്താവ് ബിജോയ്. മകൾ: അനഘ.