ചെറുതോണി: ഇടുക്കി ലോക്സഭാ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായ ജോയ്സ്‌ ജോർജ്ജ് എം.പി തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചു. രാവിലെ കട്ടപ്പനയിൽ ചില സ്ഥാപനങ്ങൾ സന്ദർശിച്ച് പിന്തുണ അഭ്യർത്ഥിച്ചു. പ്രധാനപ്പെട്ട സമുദായ നേതാക്കളെയും സന്നദ്ധപ്രവർത്തകരെയും നേരിൽക്കണ്ടു. തുടർന്ന് ഇരട്ടയാറിൽ നടന്ന ഇടുക്കി രൂപതയുടെ അദ്ധ്യാപക- അനദ്ധ്യാപക സംഗമത്തിൽ പങ്കെടുത്തു. സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടതിനു ശേഷം ആദ്യമായി പങ്കെടുത്തത് ഇടുക്കി രൂപതാ മെത്രാൻ മാർ. ജോൺ നെല്ലിക്കുന്നേലിനോടും മുൻ മെത്രാൻ മാർ. മാത്യു ആനിക്കുഴിക്കാട്ടിലിനോടും ഒപ്പം ഇരട്ടയാറിൽ നടന്ന പരിപാടിയിലാണ്. തുടർന്ന് സമീപ പഞ്ചായത്തുകളിലെ പ്രധാന വ്യക്തികളെ സന്ദർശിച്ചു. എൽ.ഡി.എഫ് പ്രവർത്തകരും ഹൈറേഞ്ച് സംരക്ഷണ സമിതി നേതാക്കളും ഒപ്പമുണ്ടായിരുന്നു. വൈകിട്ട് കാഞ്ഞിരപ്പിള്ളി രൂപത മെത്രാൻ മാർ. മാത്യു അറയ്ക്കനെയും സഹായ മെത്രാൻ മാർ. ജോർജ്ജ് പുളിയ്ക്കനെയും സന്ദർശിച്ച് അനുഗ്രഹംതേടി.