kk
തങ്കച്ചന്റെ വീട്ടുമുറ്റത്ത് കവിഞ്ഞൊഴുകുന്ന കുഴൽ കിണർ..

രാജാക്കാട്: കടുത്ത വേനലിൽ കുടിവെള്ള സ്രോതസുകളെല്ലാം വറ്റി വരളുമ്പോൾ രണ്ട് വർഷത്തിലേറെയായി തെളിനീർ കവിഞ്ഞൊഴുകുകയാണ് ഈ കുഴൽക്കിണറിൽ. എൻ.ആർ സിറ്റി കനകപ്പുഴയ്ക്ക് സമീപം വലിയതാഴത്ത് തങ്കച്ചന്റെ വീട്ടുമുറ്റത്തെ കുഴൽ കിണറാണ് മോട്ടറിന്റെയോ പമ്പിന്റെയോ സഹായമില്ലാതെ നാട്ടുകാർക്ക് നിർലോഭം കുടിനീർ നൽകുന്നത്. വേനൽക്കാലത്ത് രാജാക്കാട് ഉൾപ്പെടെ മൂന്ന് പഞ്ചായത്തുകളിലെ ജലക്ഷാമ പ്രദേശങ്ങളിലെ ആളുകൾ കുടിവെള്ളം ശേഖരിക്കുന്നതും ഇതിൽ നിന്നാണ്. കനത്ത വേനലിൽ ജലക്ഷാമം രൂക്ഷമായപ്പോളാണ് രണ്ട് വർഷം മുമ്പ് കടുംതൂക്കായ മലഞ്ചെരുവിൽ വീട്ടുമുറ്റത്ത് കുഴൽ കിണർ നിർമ്മിക്കുന്നതിന് തങ്കച്ചൻ തീരുമാനിച്ചത്. തുടർന്ന് തമിഴ്നാട്ടിൽ നിന്ന് ബോർവെൽ നിർമ്മാണ യൂണിറ്റ് എത്തി പണി ആരംഭിച്ചു. മുന്നൂറടി താഴ്ത്തിയപ്പോൾ വെള്ളം കണ്ടു തുടങ്ങി. പിന്നീട് ആഴം കൂട്ടും തോറും വെള്ളത്തിന്റെ അളവ് കൂടിവന്നു. 700 അടി എത്തിയതോടെ ഉള്ളിൽ നിന്ന് വെള്ളം കുതിച്ചുയർന്ന് വന്നു. ശക്തമായ ജലധാര മൂലം കൂടുതൽ താഴ്ത്താനാവാതെ പണി നിറുത്തി. ഒരു മണിക്കൂറിന് ശേഷം ശക്തി അൽപ്പം കുറഞ്ഞെങ്കിലും വെള്ളം കുതിച്ചെത്തുന്നത് തുടർന്നുകൊണ്ടിരുന്നു. ഇന്നോളം ആ നിറഞ്ഞൊഴുക്ക് തുടരുകയാണ്. വീട്ടാവശ്യത്തിന് മാത്രം വെള്ളം കിട്ടിയാൽ മതിയെന്ന പ്രതീക്ഷയിൽ നിർമ്മിച്ച കിണർ വൈകാതെ നാടിനാകെ ആശ്രയമായി മാറി. കഴിഞ്ഞ വേനലിൽ രാജാക്കാട്, രാജകുമാരി, സേനാപതി ഉൾപ്പെടെയുള്ള പഞ്ചായത്തുകളിൽ വാഹനത്തിൽ വെള്ളമെത്തിച്ചത് ഇവിടെ നിന്നുമാണ്. വെള്ളം ശേഖരിക്കുന്നതിന് എത്തുന്ന വാഹനങ്ങൾക്ക് വേണ്ടി തങ്കച്ചൻ റോഡിലേയ്ക്ക് ഹോസ് ഇട്ടിട്ടുണ്ട്. ആവശ്യക്കാർക്ക് ഇദ്ദേഹത്തോട് അനുവാദം പോലും ചോദിക്കാതെ ആവശ്യത്തിന് വെള്ളമെടുത്ത് തിരികെ പോകാം. സമീപത്തെ വീടുകളിലേയ്ക്ക് മോട്ടർ ഉപയോഗിച്ച് വെള്ളം കൊണ്ടുപോകുന്നതും ഈ കിണറിൽ നിന്നാണ്.