ചെറുതോണി: പശ്ചിമഘട്ട മണ്ഡലങ്ങളിൽ നിന്ന്‌ കോൺഗ്രസിന് എം.പിമാരുണ്ടായാൽ ഗാഡ്ഗിൽ- കസ്തൂരിരംഗൻ കമ്മീഷനുകളെ തിരികെ കൊണ്ടുവരാൻ സാധ്യതയുണ്ടെന്ന് കർഷകസംഘം ജില്ലാ പ്രസിഡന്റ് സി.വി വർഗീസും സെക്രട്ടറി എൻ.വി. ബേബിയും പറഞ്ഞു. ഇടുക്കിയിൽ ഉൾപ്പെടെ കർഷകർ ഇക്കാര്യത്തിൽ തികഞ്ഞ ജാഗ്രത പുലർത്തുന്നുണ്ട്. നിക്ഷിപ്ത താത്പര്യങ്ങൾക്ക്‌ വേണ്ടി കർഷകരെ ഒറ്റു കൊടുക്കുന്ന പാരമ്പര്യമാണ് കോൺഗ്രസിനുള്ളതെന്ന് ജനങ്ങൾക്ക്‌ ബോധ്യമുണ്ട്. കോൺഗ്രസിന് ഇടുക്കിയിൽ നിന്ന് എം.പി ഉണ്ടാവുകയും കേരളത്തിൽ നിന്ന് എട്ട് കേന്ദ്രമന്ത്രിമാർ ഉണ്ടാവുകയും ചെയ്തപ്പോഴാണ് ഗാഡ്ഗിൽ- കസ്തൂരിരംഗൻ കമ്മിഷനുകൾ കൊണ്ടുവന്നത്. ഗാഡ്ഗിൽ കസ്തൂരിരംഗൻ റിപ്പോർട്ടുകൾ നടപ്പിലാക്കണം എന്നാവശ്യപ്പെടുന്നവരാണ് മുൻ എം.പിയും ശിഷ്യന്മാരും. ഇപ്പോൾ ഇവർ നടത്തിക്കൊണ്ടിരിക്കുന്ന സമരങ്ങൾ ശുദ്ധ തട്ടിപ്പാണ്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ നടത്തുന്ന സമരത്തിനു പിന്നിൽ സ്ഥാനാർത്ഥിത്വം ഉറപ്പിക്കാനുള്ള തന്ത്രമാണ്. ജില്ലാ കളക്ടറുടെ റിപ്പോർട്ടുകൾ പുറത്തു വന്നതോടെ ഇവരുടെ പൊയ്മുഖങ്ങൾ അഴിഞ്ഞു വീണു. ഇടുക്കിയിലെ കർഷകർക്ക്‌ വേണ്ടി എന്നും നിലകൊണ്ടിട്ടുള്ളത് ഇടതുപക്ഷമാണ്. ഉമ്മൻചാണ്ടി ഭരണത്തിൽ ഇടുക്കിയിൽ 2005 ആത്മഹത്യകളാണ് നടന്നത്. കർഷകർക്ക് ഒരു ലക്ഷം വരെയുള്ള വായ്പയിൽ ഇളവ് നൽകുന്നതിന് ജുഡീഷ്യൽ അധികാരത്തോടുകൂടി കാർഷിക കടാശ്വാസ കമ്മിഷനെ നിയമിച്ചതും ഇടതുപക്ഷ സർക്കാരാണ്. ഇപ്പോൾ രണ്ട് ലക്ഷമാക്കി തുക ഉയർത്തുകയും സഹകരണ ബാങ്കുകൾക്കൊപ്പം ദേശസാത്കൃത ബാങ്കുകളിലെ വായ്പയും ഉൾപ്പെടുത്തിയിട്ടുണ്ട്. 5000കോടിയുടെ പാക്കേജ് ഇടുക്കിയുടെ മുഖച്ഛായ മാറ്റിയെടുക്കാൻ പര്യാപ്തമാണ്. സമനില നഷ്ടപ്പെട്ട ചില കോൺഗ്രസ്‌ നേതാക്കൾ നടത്തുന്ന ജൽപ്പനങ്ങൾ മറുപടി അർഹിക്കുന്നില്ലെന്നും നേതാക്കൾ പറഞ്ഞു.