വണ്ടിപ്പെരിയാർ: കൊട്ടാരക്കര- ദിണ്ഡുക്കൽ ദേശീയ പാതയിൽ വണ്ടിപെരിയാറ്റിൽ നിർമ്മിച്ച പുതിയ പാലത്തിന്റെ നിർമ്മാണത്തിലെ അപാകത മൂലം പാലത്തിന്റെ ഇരു വശത്തും നടപ്പാതയിലും ചെറിയ മഴയിൽ പോലും വെള്ളക്കെട്ട് രൂപപ്പെടുന്നത് പതിവായി. ഇത് ചെറുവാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഭീഷണിയായി മാറി. കഴിഞ്ഞ ദിവസം പെയ്ത വേനൽ മഴയിലാണ് പാലത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടത്. പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള നടപ്പാതകളിൽ ഏഴോളം സ്ഥലത്താണ് വെള്ളം ഒഴുകിപ്പോവാനാവാതെ കെട്ടിക്കിടക്കുന്നത്. പാലത്തിന്റെ ഇരു വശങ്ങളിലും പൂർണമായും വെള്ളം കെട്ടിക്കിടക്കുകയാണ്. മഴ പെയ്തു കഴിഞ്ഞാൽ കാൽനട യാത്രികർ ചെളിവെള്ളത്തിൽ ചവിട്ടി നടക്കേണ്ട അവസ്ഥയാണ്. വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനടയാത്രക്കാരുടെ വസ്ത്രങ്ങൾ വരെ നനയുന്നതും പതിവാണ്. പ്രൈമറി സ്‌കൂൾ ഉൾപ്പെടെ നാലോളം സ്‌കൂളിലെ കുട്ടികൾ ഉൾപ്പെടെ നിരവധി പേരാണ് ഇത് വഴി കടന്നു പോവുന്നത്. പാലത്തിലൂടെ വാഹനങ്ങൾ കടന്നു പോവുമ്പോൾ ചളിവെള്ളം കാൽനടയാത്രികർക്ക് മേൽ തെറിക്കുകയും ചെയ്യുന്നു.
നിർമ്മാണത്തിലെ പിഴവെന്ന്
പാലം നിർമ്മാണം നടത്തിയപ്പോൾ വരുത്തിയ പിഴവാണ് ഇതിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. നിർമ്മാണം പൂർത്തിയാക്കി ഏതാനും നാളുകൾ കഴിഞ്ഞപ്പോൾ തന്നെ പാലത്തിന്റെ അപ്രോച്ച് റോഡിലെ മണ്ണിടിഞ്ഞ് താഴ്ന്നിരുന്നു. നിർമ്മാണം പൂർത്തിയായ വേളയിൽ സംഭവം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഭിത്തിയുടെ വശങ്ങളിൽ ഇരുമ്പ് തകിട് ഘടിപ്പിച്ചാണ് കരാറുകാർ അന്ന് പ്രശ്നം പരിഹരിച്ചത്. എന്നാൽ ഈ കോൺക്രീറ്റ് മുഴുവൻ ഒലിച്ചു പോയ നിലയിലാണ്.