പീരുമേട്: ജനകീയ പ്രതിഷേധം ശക്തമായതിനെ തുടർന്ന് ട്രയൽ റൺ നടത്തിയ ശേഷം ടാർ മിക്സിംഗ് പ്ലാന്റിന്റെ പ്രവർത്തനം താത്കാലികമായി നിറുത്തി വെച്ചു. ശനിയാഴ്ച രാവിലെ ട്രയൽ റൺ എന്ന പേരിൽ പ്ലാന്റിന്റെ പ്രവർത്തനം ആരംഭിച്ചു. ഇതിനിടെ പ്രദേശവാസികൾ പ്രതിഷേധ സമരവുമായി രംഗത്ത് എത്തി. പ്ലാന്റിലേക്ക് വന്ന വാഹനങ്ങൾ തടഞ്ഞു. തുടർന്ന് പീരുമേട് പൊലീസ് സ്ഥലത്ത് എത്തി സമരക്കാരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഒരു വാഹനം മാത്രം പുറത്തേക്ക് വിട്ടത്. 12ന് സമരസമിതി അംഗങ്ങളുമായി എം.എൽ.എ, ദേശീയപാത വിഭാഗം, പ്ലാന്റ് ആധികൃതർ എന്നിവ ചർച്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്. പ്ലാന്റ് പ്രവർത്തനം നിറുത്തി വയ്ക്കണമെന്ന് തന്നെയാണ് നാട്ടുകാരുടെ ആവശ്യം. ഇല്ലെങ്കിൽ അനിശ്ചിതകാല സമരം ആരംഭിക്കാനാണ് ആക്ഷൻ കൗൺസിൽ തീരുമാനം. ആഷ്‌ലി കവലക്ക് സമീപം തോട്ടം മുറിച്ചുവിറ്റ രണ്ടേക്കർ സ്ഥലത്താണ് നിർമ്മാണം നടക്കുന്നത്. പ്ലാന്റേഷൻ നിയമം മറികടന്നാണ് തോട്ടം മുറിച്ചുവിൽപ്പന നടത്തിയതെന്നാണ് ആക്ഷേപം. മലയോര ഹൈവേ പണിയുന്നതിനും പ്രളയത്തിൽ തകർന്ന റോഡുകൾ പണിയുന്നതിനും ടാർ മിക്സിംഗ് പ്ലാന്റ് ആവശ്യമാണെന്ന് റവന്യൂ വകുപ്പ് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തോട്ടം തരം മാറ്റുന്നതിനും പ്ലാന്റ് സ്ഥാപിക്കുന്നതിനും ജനുവരി 18ന് അഡിഷണൽ ചീഫ് സെക്രട്ടറി ഉത്തരവ് ഇറക്കുകയും ചെയ്തു.