അടിമാലി: അടിമാലി ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ ഷീ ലോഡ്ജുകൾ വരുന്നു. ബ്ലോക്കിനു കീഴിൽ നേരത്തെ പ്രവർത്തിച്ചു വന്നിരുന്ന വനിതാ കേന്ദ്രങ്ങളാണ് ഷീ ലോഡ്ജുകളായി പ്രവർത്തനം ആരംഭിക്കുക. 2019- 20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചിലവിൽ ആദ്യഘട്ടത്തിൽ കാഞ്ഞിരവേലി, കല്ലാർ എന്നിവടങ്ങളിലാണ് ഷീ ലോഡ്ജുകൾ ഒരുങ്ങുക. വനിതകൾക്ക് സുരക്ഷിതമായി താമസിക്കുന്നതിന് മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ കൂടി ഒരുക്കിയാണ് രണ്ട് ഷീ ലോഡ്ജുകളും പ്രവർത്തനം തുടങ്ങുക. താമസത്തിനാവശ്യമായ ഗൃഹോപകരണങ്ങളും ഇവിടെ സജ്ജമാക്കും. ആറുമാസത്തിനകം പദ്ധതി പൂർത്തികരിക്കാനാണ് ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. കുടുംബശ്രീ ഗ്രൂപ്പുകൾ വഴിയാണ് പദ്ധതി നടപ്പിലാക്കുക. മൂന്നാർ അടക്കമുള്ള വിനോദ സഞ്ചാരമേഖലകളിലേക്ക് എത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ഷീലോഡ്ജുകൾ ഉപകാരപ്രദമാകുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. മുരുകേശൻ പറഞ്ഞു. കുടുംബശ്രീ ഗ്രൂപ്പുകൾക്ക് തൊഴിൽ മേഖലയിൽ കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനുള്ള പദ്ധതിയെന്ന നിലയിലുമാണ് ഷീ ലോഡ്ജുകൾ പ്രവർത്തനം ആരംഭിക്കുന്നത്.